രണ്ട് വര്‍ഷത്തിനിടെ കൊന്നത് 13 മനുഷ്യരെ; നരഭോജി കടുവയെ പിടികൂടാൻ നടപടി

കടുവ (ഫയൽ ചിത്രം)

മുംബൈ∙ മഹാരാഷ്ട്രയിൽ 13 മനുഷ്യരെ കൊന്ന പെൺകടുവയെ പിടികൂടുന്നതിനുള്ള നടപടികൾ തുടങ്ങി. അഞ്ചു വയസ്സുകാരിയായ പെൺകടുവയെ മയക്കുവെടി വച്ച് പിടിച്ചു മൃഗശാലയിലേക്ക് അയക്കാനാണ് അധികൃതരുടെ ശ്രമം. മാഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ പന്തർകവാട എന്ന സ്ഥലത്താണു ജനങ്ങള്‍ക്കു ഭീഷണിയായി ആളൊക്കൊല്ലി കടുവ വിഹരിക്കുന്നത്. 

കടുവയുടെ ആക്രമണത്തിൽ രണ്ടു വർഷം മുൻപ് ഒരു വൃദ്ധ വനിത കൊല്ലപ്പെട്ടതോടെയാണു സംഭവങ്ങളുടെ തുടക്കം. ശരീരത്തിൽ നഖത്തിന്റെ പാടുകളേറ്റ നിലയിലാണ് ഇവരുടെ ശരീരം കണ്ടെത്തിയത്. തുടര്‍ന്നിങ്ങോട്ട് ഇതുവരെ 13 പേരെ കടുവ വകവരുത്തി. ഓഗസ്റ്റിൽ കൊല്ലപ്പെട്ട വഗുജി കനാദാരി റൗത്താണ് ഒടുവിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം മാന്തിക്കീറിയ നിലയിൽ റോഡരികിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ ഒരൊറ്റ കടുവ ഇത്രയധികം പേരെ ആക്രമിക്കുന്നത് അസാധാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇവിടെ തന്നെയുള്ള ഒരു ആൺകടുവയും മരണങ്ങൾക്കു കാരണമായിരിക്കാമെന്നാണു ഇവർ വിലയിരുത്തുന്നത്. കടുവയെ പിടികൂടുന്നതിന് സങ്കീർണമായ നീക്കമാണ് വനം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഷാർപ് ഷൂട്ടർമാരെ മയക്കുവെടികളുമായി ആനപ്പുറത്തു നിയോഗിച്ചു. കടുവയുടെ ആക്രമണത്തിൽ ഓഗസ്റ്റ് മാസം മൂന്നുപേരാണു കൊല്ലപ്പെട്ടത്. പ്രദേശവാസികളിൽ നിന്ന് കടുവയെ വെടിവച്ചു വീഴ്ത്തണമെന്ന ആവശ്യമുയർന്നെങ്കിലും നിയമവശംകൂടി പരിഗണിച്ചാണ് മയക്കു വെടി ഉപയോഗിക്കുന്നതിന് ഒടുവിൽ തീരുമാനിച്ചത്.