‘നോ ഡീൽ ബ്രെക്സിറ്റ്’ ബ്രിട്ടനെ തകർക്കും: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ

ബ്രിട്ടനിൽ ബ്രെക്സിറ്റ് അനുകൂല പ്രകടനത്തിൽനിന്ന് (ഫയൽ ചിത്രം)

ലണ്ടൻ∙ വ്യക്തമായ കരാറിലെത്താൻ കഴിയാതെ യൂറോപ്യൻ യൂണിയനിൽനിന്നു പിരിയേണ്ടി വന്നാൽ ബ്രിട്ടനെ കാത്തിരിക്കുന്നതു കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളുമെന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക് കാർണി ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണു ‘നോ ഡീൽ ബ്രെക്സിറ്റ്’ ബ്രിട്ടനെ തകർച്ചയിലേക്കു നയിക്കുമെന്നു മുന്നറിയിപ്പു നൽകുന്നത്.

10 വർഷം മുൻപത്തേക്കാൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകും ബ്രിട്ടനെ കാത്തിരിക്കുന്നതെന്നു മാർക് കാർണി ചൂണ്ടിക്കാട്ടുന്നു. വീടുവില 30% വരെ താഴാനും പൗണ്ടുവില ഗണ്യമായി ഇടിയാനും നോ ഡീൽ ബ്രെക്സിറ്റ് വഴിവയ്ക്കും. പൗണ്ടുവില വളരെവേഗം ഇടിഞ്ഞുതാഴുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസി മൂഡി മുന്നറിയിപ്പു നൽകുന്നു. ഇതുകൂടാതെ ദൈനംദിന ജീവിതം ദുഷ്കരമാക്കുന്ന ഒട്ടേറെ പ്രതിസന്ധികൾ ബ്രിട്ടൻ അഭിമുഖികരിക്കേണ്ടി വരും.

നിലവിലുള്ള പാസ്പോർട്ടിനു പകരം എല്ലാവരും പുതിയത് എടുക്കണം. തൊഴിലില്ലായ്മ നിരക്കു കുതിച്ചുകയറും. യൂറോപ്യൻ യൂണിയനുമായുള്ള ഗതാഗത ബന്ധങ്ങളെല്ലാം തകരും. ഓട്ടമൊട്ടീവ്, എയർലൈൻ, എയ്റോസ്പേസ്, കെമിക്കൽ മേഖലകളിലെല്ലാം തിരിച്ചടി ഉണ്ടാകുമെന്നുറപ്പാണ്. മൊബൈൽ ഫോണുകൾക്കു റോമിങ് ചാർജ് ഉൾപ്പെടെയുള്ള അധികതുക നൽകേണ്ട സ്ഥിതിയും സംജാതമാകുമെന്നു  സാമ്പത്തിക വിദഗ്ധർ പറയുന്നു.