വിവാഹസമ്മാനമായി പെട്രോൾ! വേറിട്ട പ്രതിഷേധം തമിഴ്നാട്ടിൽനിന്ന്

സുഹൃത്തുക്കൾ നവദമ്പതികൾക്ക് പെട്രോൾ വിവാഹസമ്മാനമായി കൊടുക്കുന്നു.

ചെന്നൈ∙ ഇളഞ്ചെഴിയന്റെയും കനിമൊഴിയുടെയും വിവാഹത്തിനു സുഹൃത്തുക്കൾ നൽകിയ ‘വിലപിടിപ്പുള്ള’ സമ്മാനം കണ്ട്, വന്നുകൂടിയവർ ഒന്നടങ്കം ചിരിച്ചു. ചിരിച്ചവർ തന്നെ പിന്നീടു തമ്മിൽ പറഞ്ഞു. ആ അഞ്ചു ലീറ്റർ പെട്രോൾ തന്നെയാണു നവദമ്പതികൾക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം. കടലൂർ ജില്ലയിലെ ചിദംബരത്തിനു സമീപമുള്ള ഗ്രാമത്തിൽ നടന്ന വിവാഹത്തിലാണ് ഒരുസംഘം യുവാക്കൾ തങ്ങളുടെ സുഹൃത്തുക്കളുടെ വിവാഹത്തിന് അഞ്ചു ലീറ്റർ പെട്രോൾ സമ്മാനമായി നൽകിയത്.

വിവാഹശേഷം നടന്ന സൽക്കാരത്തിൽ സ്റ്റേജിൽ കയറി ദമ്പതികൾക്കു സമ്മാനങ്ങൾ നൽകുന്ന ചടങ്ങിനിടെയാണു ചിരിയും ചിന്തയും പകർന്ന് ദമ്പതികളുടെ സുഹൃത്തുക്കൾ ഒരു കന്നാസിൽ അഞ്ച് ലീറ്റർ പെട്രോൾ നൽകിയത്. മടിയൊന്നും കൂടാതെ തന്നെ ദമ്പതികൾ പെട്രോൾ സ്വീകരിച്ചു. മറ്റു സമ്മാനങ്ങളുടെ കൂടെ ചേർത്തുവച്ചു.

ഡിവൈഎഫ്ഐ നേതാവും ചെന്നൈയിലെ നന്ദനം ആർട്സ് കോളജ് വിദ്യാർഥിയുമായ പ്രഭു ആണു നവദമ്പതികൾക്കു പെട്രോൾ സമ്മാനമായി നൽകിയത്. രാജ്യത്തെ വർധിച്ചുവരുന്ന ഇന്ധന വിലയ്ക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്താനാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പ്രഭു മാധ്യമങ്ങളോടു പറഞ്ഞു.