ഗുണനിലവാരം കുറഞ്ഞ പയറുൽ‌പ്പന്ന വിതരണം: കര്‍ശന നടപടിയെന്ന് മന്ത്രി

കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ കണ്‍സ്യൂമര്‍ ഫെഡിന്റെ ചില ഔട്ട്‌ലെറ്റുകളില്‍ ഗുണനിലവാരം കുറഞ്ഞ പയര്‍ ഉൽപ്പന്നങ്ങള്‍ വിതരണം ചെയ്തെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തിയതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുണനിലവാരം ഇല്ലാത്ത ഉൽപ്പന്നങ്ങള്‍ വാങ്ങിയതിനും വിതരണത്തിന് എത്തിച്ചതിനും പിന്നിലുള്ളവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ശനമായ ഗുണനിലവാര പരിശോധന നടത്തിയ ശേഷമേ ഉത്പന്നങ്ങള്‍ കണ്‍സ്യൂമര്‍ ഫെ‍ഡ് വാങ്ങി ഗോഡൗണുകളില്‍ സംഭരിക്കാനും വില്‍ക്കാനും പാടുള്ളൂവെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടിരിക്കുകയാണ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായിരുന്ന കണ്‍സ്യൂമര്‍ഫെഡിനെ മെച്ചപ്പെടുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങളാകെ അട്ടിമറിക്കാനിടയാക്കിയ ഈ സംഭവത്തിലെ കുറ്റക്കാരെ വിജിലന്‍സ് അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി അറിയിച്ചു.