ഇന്ധനവില വളരെ കൂടുതല്‍, ജനങ്ങളെ വേദനിപ്പിക്കുന്നു: നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

മുംബൈ∙ ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും. പെട്രോള്‍, ഡീസല്‍ വില വളരെ കൂടുതലാണെന്നും ഇതു പൊതുജനങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് യാതൊന്നും പറയാന്‍ ഗഡ്കരി കൂട്ടാക്കിയില്ല. 

മുംബൈ നഗരത്തില്‍ പെട്രോള്‍ വില 90 രൂപയിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണു മോദി മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രി തന്നെ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്‍ ചൊവ്വാഴ്ച പെട്രോള്‍ വില ലീറ്ററിന് 89.54 രൂപയും ഡീസല്‍ 78.42 രൂപയുമായിരുന്നു. മഹാരാഷ്ട്രയിലെ 11 നഗരങ്ങളില്‍ 90 രൂപയ്ക്കു മുകളിലാണ് പെട്രോള്‍ വില്‍ക്കുന്നത്. 

പെട്രോള്‍ വില വളരെ കൂടുതലാണെന്നും പൊതുജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. നികുതി കുറയ്ക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ തന്റെ പരിധിയിലല്ലെന്നും ഗഡ്കരി പറഞ്ഞു. 

2019-ല്‍ ബിജെപി തന്നെ അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഗഡ്കരി വ്യക്തമാക്കി. സാമൂഹിക സുരക്ഷ, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിനു നേട്ടമാകുമെന്നും ഗഡ്കരി പറഞ്ഞു.