അത് ആലിംഗനം മാത്രം, ഗൂഢാലോചനയോ റഫാൽ ഇടപാടോ അല്ല: സിദ്ദു

നവജ്യോത് സിങ് സിദ്ദു പാക്ക് സൈനിക മേധാവിയെ ആലിംഗനം ചെയ്തപ്പോൾ. – പാക്ക് മാധ്യമപ്രവർത്തക മെഹർ തരാർ ട്വിറ്ററിൽ പങ്കിട്ട ചിത്രം.

ചണ്ഡിഗഡ്∙ പാക്കിസ്ഥാനിൽ പോയി സൈനിക മേധാവിയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ‘അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാൽ ഇടപാടായിരുന്നില്ല’– സിദ്ദു പറഞ്ഞു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞയ്ക്കു പോയ സിദ്ദു, പാക്ക് സൈനിക മേധാവിയെ ആലിംഗനം ചെയ്തത് ഒഴിവാക്കേണ്ടിയിരുന്നെന്നും അത് ഇന്ത്യൻ സേനയുടെ മനോവീര്യം ഇല്ലാതാക്കുന്ന നടപടിയായെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ വിമർശിച്ചിരുന്നു.

‘നിങ്ങൾ വീണ്ടും പ്രശ്നമുണ്ടാക്കുകയാണ്. പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്കു കാരണമാകാൻ മാത്രം പ്രധാനപ്പെട്ട വ്യക്തിയായി സിദ്ദു മാറിയോ. അതൊരു ആലിംഗനം മാത്രമായിരുന്നു. ഗൂഢാലോചനയല്ലായിരുന്നു. ആലിംഗനം റഫാൽ ഇടപാടാകില്ല. ഇന്ന് ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരം നടക്കുകയാണ്. പാക്ക് കളിക്കാരോട് ഇന്ത്യൻ താരങ്ങൾ പുറംതിരിഞ്ഞു നിൽക്കുമോ? പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൈതാനത്ത് വന്നുവെന്നു കരുതുക. വിരാട് കോഹ്‍ലിയെ അഭിസംബോധന ചെയ്ത് ആലിംഗനത്തിനു വന്നാൽ അദ്ദേഹം പുറകോട്ടു മാറുമോ?’– സിദ്ദു ചോദിച്ചു.

ഗുരു നാനാക് ജന്മവാർഷികത്തിന് ലഹോറിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള സിഖ് തീർഥാടനകേന്ദ്രത്തിലേക്ക് വഴിയൊരുക്കാന്‍ തയാറാണെന്നും പറഞ്ഞപ്പോഴാണ് പാക്ക് സേനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയെ ആലിംഗനം ചെയ്തതെന്നും സിദ്ദു വ്യക്തമാക്കി.