ഐടി പാര്‍ക്കിനെ ഐഎസ്‌ഐ ആസ്ഥാനമാക്കി; ട്രോളിൽ മുങ്ങി ബോളിവുഡ് ചിത്രം

ഇസ്​ലാമാബാദ്∙ ലഹോറിലെ പ്രശസ്തമായ ഐടി പാര്‍ക്കിനെ ഐഎസ്‌ഐ ആസ്ഥാനമാണെന്ന രീതിയില്‍ തെറ്റായി പ്രദര്‍ശിപ്പിച്ച ബോളിവുഡ് ചിത്രത്തിനെതിരേ പാക്കിസ്ഥാനില്‍ ട്രോള്‍ പെരുമഴ. അനില്‍ ശര്‍മയുടെ ‘ജീനിയസ്’ എന്ന സിനിമയിലാണ് ലഹോറിലെ അര്‍ഫ കരിം ടവറിനെ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഇസ്‌ലാമാബാദിലെ ആസ്ഥാനമായി കാട്ടിയത്. നവാസുദീന്‍ സിദ്ദിഖിയും മിഥുന്‍ ചക്രവര്‍ത്തിയും അരങ്ങേറ്റക്കാരനായ ഉത്കർഷ് ശർമയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ. 

ഉമര്‍ സെയ്ഫ് എന്ന പാക് കംപ്യൂട്ടര്‍ വിദഗ്ധനാണ് ട്വിറ്ററില്‍ ഈ അബദ്ധം ചൂണ്ടിക്കാട്ടി ട്രോളുകൾക്കു തുടക്കമിട്ടത്. അര്‍ഫ കരിം ടവറിന്റെ പ്രശസ്തി ഇതോടെ അതിര്‍ത്തി കടന്നു. ബോളിവുഡിനു കൂടുതല്‍ മെച്ചപ്പെട്ട തിരക്കഥാകൃത്തുക്കള്‍ അനിവാര്യമാണെന്ന് ഉമര്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് നിരവധി പേര്‍ ചിത്രത്തിനെതിരേ രംഗത്തെത്തി.

കെട്ടിടം ഐഎസ്‌ഐ ആസ്ഥാനമല്ലെന്നും സ്ഥലം ഇസ്​ലാമാബാദല്ലെന്നും ചിലര്‍ കുറിച്ചു. ഇന്ത്യയെ ഇതിലുമേറെ വിശ്വസിച്ചിരുന്നുവെന്നാണ് ആസാദ് റഹ്മാന്‍ എന്നയാൾ ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രം തിരുത്തിയ ബോളിവുഡിന് അഭിനന്ദനം എന്നാണ് അരീഷ് എന്നയാളിന്റെ ട്വീറ്റ്.