ഇളയരാജയുടെ പാട്ടുകൾ ഇനിയും വേദികളിൽ പാടും: എസ്.പി.ബാലസുബ്രഹ്മണ്യം‌

ചെന്നൈ∙ ഇളയരാജയുടെ പാട്ടുകൾ വീണ്ടും വേദികളിൽ പാടുമെന്ന് എസ്.പി.ബാലസുബ്രഹ്മണ്യം. റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ പാടാൻ പാടില്ലെന്നു കാണിച്ചു ഇളയരാജ കഴിഞ്ഞ വർഷം അയച്ച നോട്ടിസിൽ തന്റെ മകന്റെ കമ്പനിയും ഇളയരാജയും തമ്മിലാണു കേസ് നടക്കുന്നതെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.

ഇളയരാജയുടെ പാട്ടുകളിൽ താനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഗാനങ്ങൾ പൊതുവേദികളിൽ പാടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ വേദികളിൽ പാടരുതെന്നു കാണിച്ച് ഇളയരാജ, ബാലസുബ്രഹ്മണ്യത്തിനു നോട്ടിസ് അയച്ചതു ചർച്ചയായിരുന്നു. പാട്ടുകൾ തന്റെ അനുമതിയില്ലാതെ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും, നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും കനത്ത തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നുമായിരുന്നു നോട്ടിസിൽ.

പകർപ്പവകാശ നിയമത്തെക്കുറിച്ചു തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, അങ്ങനെയൊരു നിയമം ഉണ്ടെങ്കിൽ താൻ അത് അനുസരിക്കുമെന്നുമായിരുന്നു ബാലസുബ്രഹ്മണ്യം അന്നു പ്രതികരിച്ചത്. മേലിൽ ഇളയരാജ ഗാനങ്ങൾ വേദിയിൽ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.