പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ്ഓഫിസ്, സുകന്യസമൃദ്ധി നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂട്ടി

ന്യൂഡൽഹി∙ സാധാരണക്കാരുടെ സേവിങ്സ് പദ്ധതികളുടെ പലിശനിരക്ക് കൂട്ടി കേന്ദ്ര സർക്കാർ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), പോസ്റ്റ്ഓഫിസ് നിക്ഷേപം തുടങ്ങിയവയുടെ  ഒക്ടോബർ–ഡിസംബർ പാദത്തിലെ പലിശയാണു വർധിപ്പിച്ചത്.

30നും 40നും ഇടയിൽ ബേസിസ് പോയിന്റാണു ധനമന്ത്രാലയം കൂട്ടിയത് (100 ബേസിസ് പോയിന്റാണ് ഒരു ശതമാനം). പോസ്റ്റ്ഓഫിസുകളിലെ ഒരു വർഷം, രണ്ടു വർഷം, മൂന്നുവർഷം, അഞ്ചുവർഷം നിക്ഷേപങ്ങൾക്കു 6.9, 7, 7.2, 7.8 ശതമാനം വീതമാണു പുതുക്കിയ പലിശനിരക്ക്. അഞ്ചുവർഷത്തെ റെക്കറിങ് ഡെപ്പോസിറ്റിന്റെ (ആർഡി) പലിശ 6.9ൽനിന്ന് 7.3 ആക്കി.

മുതിർന്ന പൗരന്മാർക്കുള്ള അഞ്ചുവർഷത്തെ സേവിങ്സ് നിക്ഷേപത്തിന്റെ പലിശ 8.3ൽനിന്ന് 8.7 ആക്കി. അഞ്ചുവർഷത്തെ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, പിപിഎഫ് എന്നിവയുടെ പലിശ 7.6ൽനിന്ന് എട്ടാക്കി. കിസാൻ വികാസ് പത്രയുടെ പുതിയ പലിശനിരക്ക് 7.7 ശതമാനമാണ്. നിക്ഷേപ കാലാവധി 118ൽനിന്ന് 112 മാസമായി കുറച്ചു. സുകന്യ സമൃദ്ധിയുടെ പലിശനിരക്ക് 8.1 എന്നത് 8.5 ആയാണ് കൂട്ടിയത്. പലിശനിരക്കുകൾ ഉയർത്തിയത് ഈ പദ്ധതികളിലെ നിക്ഷേപവർധനയ്ക്കു കാരണമാകുമെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.