ഡിജെയെന്നു പരിചയപ്പെടുത്തി പീഡനവും; ഫയാസിനെതിരെ പരാതിയുമായി കൂടുതൽ പേർ

ഫയാസ് മുബീന്‍. (ഫെയ്സ്ബുക്കില്‍ ഫയാസ് നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍)

കോഴിക്കോട്∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോഴിക്കോട് ചേവായൂര്‍ പൊലീസ് പിടികൂടിയ ഇരുപതുകാരനെതിരെ കൂടുതല്‍ പരാതി. ഫയാസ് മുബീന്‍ ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങിയിരുന്നതായും അറിയിച്ച് സ്ത്രീകളുള്‍പ്പെടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ വിവരം അറിയിച്ചവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയാറല്ലെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്.

ഭംഗിയുള്ള ഡിജെയെ കണ്ട് ഇഷ്ടം തോന്നി ഫെയ്സ്ബുക്കിലെ സൗഹൃദ പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളും വനിതകളുമാണ്. പലരും പതിവായി ഫയാസുമായി വാട്സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു. പതിവായി മൊബൈല്‍ ചാര്‍ജ് ചെയ്ത് നൽകിയിരുന്നതും പെണ്‍കുട്ടികളാണ്. ഇവരില്‍ പലരും ചേവായൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പേരുപറയാതെ കാര്യമറിയിച്ച് പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇരുപതിലധികം പേരാണ് ഇത്തരത്തിൽ സ്റ്റേഷനിൽ പരാതിയുമായെത്തിയത്. സ്ത്രീകളും പെണ്‍കുട്ടികളുടെ രക്ഷിതാക്കളും വരെ ഇവരിലുൾപ്പെടുന്നു.

ചിലര്‍ക്ക് പണം നഷ്ടപ്പെട്ടപ്പോൾ രണ്ടുപേർ ലൈംഗിക ചൂഷണത്തിന് ഇരയാകുകയായിരുന്നു. യുവാവിനെക്കുറിച്ച് കൂടുതല്‍ അറിവുണ്ടായിരുന്നില്ലെന്നാണു ചിലരുടെ പ്രതികരണം. ഇക്കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി പതിനൊന്നിനു കിട്ടിയതിനു പിന്നാലെ സൈബര്‍ സെല്‍ വഴി പൊലീസ് കാര്യമായ അന്വേഷണം തുടങ്ങിയിരുന്നു.

പലരുടെയും സംഭാഷണം, അയച്ച സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വീണ്ടെടുത്തിട്ടുണ്ട്. പലരും ആശങ്ക തീര്‍ക്കാന്‍ പൊലീസ് വിളിക്കുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. ആഢംബര ബൈക്ക് കവര്‍ന്ന ഇടപ്പള്ളിയിലും കണ്ണാടി കവര്‍ന്ന കോഴിക്കോട് കനകാലയ ഷോറൂം ഉടമകളോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.