രാജ്യാന്തര ചലച്ചിത്രോത്സവം ചെലവു ചുരുക്കി നടത്തും: മന്ത്രി ബാലൻ

മന്ത്രി എ.കെ. ബാലൻ

തിരുവനന്തപുരം∙ കഴിഞ്ഞ വർഷത്തേതിന്റെ പകുതി ചെലവിൽ രാജ്യാന്തര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) സംഘടിപ്പിക്കുന്നതിനു ചലച്ചിത്ര അക്കാദമി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ബാലൻ. മുഖ്യമന്ത്രി പിണറായി വിജയൻ തിരികെയെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയുടെ പേരിൽ രാജ്യാന്തര ചലച്ചിത്രോത്സവം ഉപേക്ഷിക്കരുതെന്നു വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നതു ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ബാലൻ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ചലച്ചിത്ര മേള നടത്താൻ ആറു കോടി രൂപയാണു ചെലവായത്. ഇത്തവണ ഇതു മൂന്നു കോടി രൂപയ്ക്കു നടത്തുന്നതിനുള്ള നിർദേശമാണു ചലച്ചിത്ര അക്കാദമി തയാറാക്കിയിരിക്കുന്നത്. ഇതിൽ രണ്ടു കോടി രൂപ ഡെലിഗേറ്റ് ഫീസിലൂടെയുള്ള വരുമാനമാണ്. ശേഷിക്കുന്ന ഒരു കോടി രൂപ പദ്ധതി വിഹിതത്തിൽ നിന്നു ‍ചെലവഴിച്ചാൽ മതിയാകും. 

ഇത് അംഗീകരിച്ചാൽ വലിയ ആർഭാടം ഇല്ലാതെയും മേളയുടെ ഉള്ളടക്കത്തിൽ വലിയ വ്യത്യാസം ഇല്ലാതെയും നടത്താനാകും. രണ്ടു കോടി രൂപ ലഭിക്കുന്ന വിധത്തിൽ നിലവിലുള്ള ഡെലിഗേറ്റ് ഫീസ് ഉയർത്തേണ്ടി വരും. അതിനുള്ള നിർദേശവും അവർ നൽകിയിട്ടുണ്ട്. ഡെലിഗേറ്റ് ഫീസു വർധിപ്പിച്ചും അമിത ചെലവും വിദേശ ജൂറിയെയും ഒഴിവാക്കിയും ചലച്ചിത്ര മേള നടത്തുന്നതിനുള്ള നിർദേശം ഫിലിം സൊസൈറ്റി ഭാരവാഹികളും നൽകിയിട്ടുണ്ട്. ഈ വർഷം അവാർഡിനൊപ്പം പണം കൊടുക്കുന്നത് ഒഴിവാക്കി ചെലവു ചുരുക്കാമെന്നും അവർ നിർദേശിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രാഥമിക ജോലികൾ തുടങ്ങിയ സമയത്താണു മേളകൾ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവു വന്നത്. സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങളിലേക്ക് ഇതേവരെ ചലച്ചിത്ര അക്കാദമി കടന്നിട്ടില്ലെന്നും ബാലൻ അറിയിച്ചു.