അഭിമന്യു വധക്കേസ്: ആദ്യ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിച്ചേക്കും

അഭിമന്യു

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ കുറ്റപത്രം നൽകിയേക്കും. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരെ ഉള്‍പ്പെടുത്തിയാണു കുറ്റപത്രം. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും പ്രതികളെ സഹായിച്ചവരെയും ചേർത്തു രണ്ടാം കുറ്റപത്രം പിന്നീടു നൽകാനാണു പൊലീസ് ആലോചിക്കുന്നത്.

കേസിൽ നിലവിൽ 28 പ്രതികളും 125 സാക്ഷികളുമുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളിൽ എട്ടു പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള എട്ടു പേർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഇവർ അറസ്റ്റിലാവുന്നതോടെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും പ്രതി ചേർക്കും. മറ്റു പ്രതികൾ അറസ്റ്റിലാവുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശം.

ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതികൾ അറസ്റ്റിലായി 90 ദിവസം പൂർത്തിയായാൽ നിയമപ്രകാരം ജാമ്യം ലഭിക്കും. മുഖ്യപ്രതികൾ ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ റിമാൻഡിലുള്ള പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നതു തെളിവു നശിപ്പിക്കാൻ വഴിയൊരുക്കുമെന്ന നിഗമനത്തിലാണു കുറ്റപത്രം ഉടൻ സമർപ്പിക്കുന്നത്.