മുംബൈയിൽ പെട്രോൾ വില 90 കടന്നു; ഉൽപാദനം വർധിപ്പിക്കില്ലെന്ന് ഒപെക്

മുംബൈ∙ രാജ്യമെങ്ങും ഇന്ധനവില വർധന തുടരുന്നു. മുംബൈയിൽ പെട്രോൾ വില ലീറ്ററിന് 90 കടന്നു. 90.08 ആണ് ഇന്ത്യയുടെ ധനകാര്യ തലസ്ഥാനത്തെ പെട്രോൾ വില. ഡീസലിന് 78.58 രൂപയും. 11 പൈസയാണ് പെട്രോൾ വിലയിലുണ്ടായ വർധന. ഡീസലിന് അഞ്ച് പൈസയും കൂടി. ഡൽഹിയിൽ പെട്രോളിന് 82.72 ഉം, ഡീസലിന് 74.02 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) അറിയിച്ചു. തിരുവനന്തപുരത്ത് 86.06 രൂപയാണ് പെട്രോൾ വില, ഡീസലിന് 79.23 രൂപയും.

അതേസമയം, രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കാൻ ഉൽപാദനം വർധിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും, ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളിലെ പ്രധാനി റഷ്യയും തള്ളി.