എച്ച്എഎൽ പങ്കാളിത്തം വെളിപ്പെടുത്തി ഡാസോ ചെയർമാൻ; വിഡിയോയുമായി കോൺഗ്രസ്

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ രാഷ്ട്രീയ ബോംബായി പുതിയ വെളിപ്പെടുത്തൽ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) പങ്കാളിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തിയെന്നു ഡാസോ ചെയർമാൻ എറിക് ട്രപ്പിയർ വെളിപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കരാർ പ്രഖ്യാപിക്കുന്നതിനു രണ്ടാഴ്ച മുൻപ്, 2015 മാർച്ച് 25നു ചിത്രീകരിച്ച വിഡിയോ ആണു പുറത്തുവന്നത്. ഇന്ത്യൻ വ്യോമസേന, എച്ച്എഎൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറിനെക്കുറിച്ചു ട്രപ്പിയർ വിശദീകരിക്കുന്നു. എച്ച്എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ റിലയൻസിനെ തിരഞ്ഞെടുക്കാൻ മോദി ഗൂഢാലോചന നടത്തിയെന്ന കോൺഗ്രസ് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണു പുതിയ തെളിവ്.

റിലയൻസിനെ തിരഞ്ഞെടുക്കാൻ ഇന്ത്യ സമ്മർദം ചെലുത്തിയെന്നു മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് കഴിഞ്ഞ ദിവ‌സം പറ‌ഞ്ഞിരുന്നു. അതു വിവാദമായപ്പോൾ, അക്കാര്യത്തെക്കുറിച്ചു ഡാസോയ്ക്കാണ് അറിയാവുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

പുതിയ കരാർ പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുൻപ് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എച്ച്എഎല്ലുമായുള്ള കരാറിനെക്കുറിച്ച് അനുകൂല പരാമർശം നടത്തിയതും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഫ്രഞ്ച് കമ്പനി, പ്രതിരോധ മന്ത്രാലയം, എച്ച്എഎൽ എന്നിവ തമ്മിൽ കരാർ സംബന്ധിച്ച ചർച്ചകൾ നടക്കു‌ന്നുണ്ട്,  രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയിൽ സാങ്കേതിക വശങ്ങൾ ചർച്ചയ്ക്കെടുക്കില്ലെന്നായിരുന്നു ജയശങ്കറിന്റെ പരാമർശം. 

രാജ്യാന്തര ഗൂഢാലോചന: ബിജെപി

പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് രംഗത്തു വന്നതിനു പിന്നാലെ വിവാദത്തിനു പിന്നിൽ രാ‌ജ്യാന്തര ഗൂഢാലോചനയാരോപിച്ചു ബിജെപി രംഗത്തെത്തി. രാജ്യാന്തരതലമുണ്ടെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞപ്പോൾ, ഒരു പടി കൂടി കടന്ന്, രാജ്യാന്തര ഗൂ‌ഢാലോചനയുണ്ടെന്ന ആരോപണമാണു മന്ത്രിയും വക്താവുമായ ഗജേന്ദ്ര ശെഖാവത് ഉന്നയിച്ചത്. 

രാജ്യാന്തര ഗൂഢാലോചനയ്ക്കു രണ്ടു തെളിവുകളാണു ബിജെപി നിരത്തുന്നത്: ‘റഫാൽ ഇനിയും പറക്കും, ബംപർ ബോംബുകൾ ഉതിർക്കും’ എന്നു രാഹുൽ പറഞ്ഞു ദിവസങ്ങൾക്കുള്ളിൽ ഒലോൻദ് നടത്തിയ പ്രസ്താവന, മോദിയെ താഴെയിറക്കാൻ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കുറച്ചുനാൾ മുൻപു പാക്ക് സഹായം തേടി‌യതുമായി ബന്ധപ്പെട്ട വിവാദം. 

കേസെടുക്കൂ; സിവിസിക്കു മുന്നിൽ കോൺഗ്രസ്

റഫാൽ ഇടപാടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രതിനിധി സംഘം കേന്ദ്ര വിജിലൻസ് കമ്മിഷണറെ (സിവിസി) സമീപിച്ചു. കരാറിൽ കോടികളുടെ ക്രമക്കേടുണ്ട്, 126 വിമാനങ്ങൾ ആവശ്യമാണെന്നിരിക്കെ 36 എണ്ണം മാത്രം വാങ്ങാനുള്ള തീരുമാനം രാജ്യസുരക്ഷ അപകടത്തിലാക്കും, ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണു റഫാൽ– നിവേദനത്തിൽ പറഞ്ഞു. ഗുലാം നബി ആസാദ്, ജയറാം രമേശ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, കപിൽ സിബൽ, രൺദീപ് സിങ് സുർജേവാല, അഭിഷേക് മനു സിങ്‌വി, മനീഷ് തിവാരി എന്നിവരാണു സിവിസിയെ കണ്ടത്.