റഫാൽ: ചോദ്യങ്ങളിൽനിന്നു തന്ത്രപൂർവ്വം തലയൂരി ഇമ്മാനുവൽ മക്രോ

ന്യൂയോർക്ക്∙ വിവാദമായ റഫാൽ ഉടമ്പടി സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും തന്ത്രപൂർവ്വം തലയൂരി ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ. 36 യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യയും ഫ്രാൻസും കരാറിലെത്തിയപ്പോള്‍ താനായിരുന്നില്ലെന്ന അധികാരത്തിലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മക്രോണിന്‍റെ മറുപടി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്കിടെ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസിന് അനുബന്ധ കരാർ നൽകാൻ മോദി സർക്കാരിന്‍റെ ഭാഗത്തു നിന്നും സമ്മർദമുണ്ടായിരുന്നോയെന്ന ചോദ്യത്തിനും നേരിട്ടുള്ള മറുപടി നൽകാതെ മക്രോൺ ഒഴിഞ്ഞു മാറി.

ആ സമയത്ത് ഞാനായിരുന്നില്ല അധികാരത്തിൽ. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണത്തിന്‍റെ ഭാഗമായ‌ുള്ള, വിശാലമായ ചട്ടക്കൂടിന്‍റെ ഭാഗമാണ് കരാർ. സർക്കാർ തലത്തിലുള്ള ചർച്ചകളുടെ ഭാഗവും. ഇതുസംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ടെന്ന് എനിക്കറിയാം. പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം പരാമര്‍ശിച്ചുവെന്നേയുള്ളുവെന്നും മക്രോൺ പറഞ്ഞു. 

കഴിഞ്ഞ മെയിലാണ് ഫ്രാൻസ് പ്രസിഡന്‍റായി മക്രോ തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാൻസ്വ ഒലോൻദ് പ്രസിഡന്‍റായിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള റഫാൽ ഉടമ്പടിയിൽ ഫ്രാൻസ് ഒപ്പുവച്ചത്. റിലയന്‍സിനെ തിരഞ്ഞെടുക്കാൻ ഇന്ത്യ സമ്മർദം ചെലുത്തിയെന്ന് ഒലോൻദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവന വിവാദമായതോടെ ഡാസോയ്ക്കാണ് ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിയുകയെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. റിലയൻസിനെ ഓഫ്സെറ്റ് പങ്കാളിയാക്കാനുള്ള തീരുമാനം തങ്ങളാണ് കൈകൊണ്ടതെന്ന്, ഇതോടെ ഡാസോ വ്യക്തമാക്കി.

ഫ്രഞ്ച് സർക്കാരും ഡാസോയും നിഷേധിച്ചെങ്കിലും ഒലോൻദിന്‍റെ പ്രസ്താവന ഇന്ത്യയിൽ സൃഷ്ടിച്ച ചലനങ്ങൾ തുടരുകയാണ്. മോദി സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ ആയുധമായി റഫാലിനെ കാണുന്ന കോൺഗ്രസ് ഒലോൻദിന്‍റെ വെളിപ്പെടുത്തലിന്‍റെ ചുവടു പിടിച്ച് തങ്ങളുടെ ആക്രമണത്തിന്‍റെ മൂർച്ച കൂട്ടി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെ തഴഞ്ഞ് അനിൽ അംബാനിയുടെ റിലയൻസിന് ഓഫ്സെറ്റ് കരാർ ലഭിച്ചത് പ്രധാനമന്ത്രിയുടെ ഇടപെടൽ മൂലമാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തുന്ന പ്രധാന ആരോപണം. എച്ച്എഎല്ലിനെ ഒഴിവാക്കുക വഴി യുവാക്കളുടെ തൊഴിലവസരങ്ങൾ കൂടിയാണ് ഇല്ലാതാക്കിയതെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.