വിമാനവാഹിനികളിലേക്ക് നാവികസേന വാങ്ങുന്നത് 57 വിമാനങ്ങൾ; ഇടപാടിൽ കണ്ണിട്ട് റഫാൽ

ഐഎൻഎസ് വിക്രാന്ത്.

ന്യൂഡൽഹി∙ വ്യോമസേനയ്ക്കായുള്ള യുദ്ധവിമാന കരാറിൽ വിവാദക്കൊടുങ്കാറ്റുയർത്തിയ റഫാലിന് നാവികസേന വിമാന ഇടപാടിലും കണ്ണ്. കൊച്ചി ഷിപ്‌യാർഡിൽ നിർമാണം പുരോഗമിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിലേക്ക് ആവശ്യമായ വിമാനങ്ങൾക്കുള്ള കരാർ സ്വന്തമാക്കാൻ റഫാലിന്റെ നിർമാതാക്കളായ ഡാസോ ഏവിയേഷൻ നാവികസേനയുമായി പ്രാഥമിക ചർച്ച ആരംഭിച്ചു. റഫാലിന്റെ മറീൻ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണു ഡാസോ അവതരിപ്പിച്ചത്.

വിക്രാന്ത്, നിലവിൽ ഇന്ത്യയുടെ പക്കലുള്ള ഏക വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ എന്നിവയിലേക്ക് 57 വിമാനങ്ങളാണു വേണ്ടത്. അത്യാധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള റഫാൽ മറീൻ മറ്റു രാജ്യങ്ങളുടെ കപ്പലുകളിൽ ഉപയോഗിക്കുന്നുണ്ടെന്നു ഫ്രഞ്ച് നാവികസേനാ ഉദ്യോഗസ്ഥൻ റിയർ അഡ്മിറൽ ജൈൽസ് ബൊയ്ദേവ്‌സി ചൂണ്ടിക്കാട്ടി.

ഐഎസ് ഭീകരർക്കെതിരായ പോരാട്ടത്തിൽ ഫ്രഞ്ച് സേന റഫാൽ മറീൻ വിജയകരമായി ഉപയോഗിച്ചിരുന്നു. അടുത്ത മാസം 11ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പാരിസിലെത്തുമ്പോൾ ഇതും ചർച്ചയാകും. യുദ്ധവിമാനങ്ങൾക്കുള്ള ആഗോള ടെൻഡർ പ്രതിരോധ മന്ത്രാലയം വൈകാതെ ക്ഷണിക്കും. റഫാലിനു ശക്തമായ വെല്ലുവിളിയുയർത്തി യുഎസ് കമ്പനിയായ ബോയിങ്ങിന്റെ എഫ്/എ 18 സൂപ്പർ ഹോണറ്റും രംഗത്തിറങ്ങിയേക്കും.

ഐഎൻഎസ് വിക്രാന്ത്

പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനി. 2020ൽ സേനയുടെ ഭാഗമാക്കാൻ ലക്ഷ്യമിടുന്ന കപ്പലിന്റെ നിർമാണ ചെലവ് 20,000 കോടി രൂപ. ഭാരം – 40,000 ടൺ, നീളം – 263 മീറ്റർ, വീതി – 63 മീറ്റർ. 20 വിമാനങ്ങൾ ഒരേ സമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനും സൗകര്യം. ഇതുവരെ റഷ്യൻ നിർമിത മിഗ് 29കെ വിമാനങ്ങളാണ് ഉപയോഗിച്ചത്.