കാർ പട്രോളിങ് വാഹനത്തിൽ ഇടിപ്പിച്ചു; പൊലീസിന്റെ വെടിയേറ്റ് യുവാവ് മരിച്ചു

വിവേക് തിവാരി (ഇടത്), വെടിവയ്പ്പില്‍ തകര്‍ന്ന കാര്‍ (വലത്)

ലക്നൗ∙ പട്രോളിങ് വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് എസ്‌യുവിക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ യുവാവ് മരിച്ചു. മൾട്ടി നാഷനൽ കമ്പനിയിൽ അസിസ്റ്റന്റ് സെയിൽസ് മാനേജർ ആയിരുന്ന വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ലക്നൗവിലെ ഗോമ്തി നഗർ എക്സ്റ്റെൻഷൻ ഏരിയയിൽ ശനിയാഴ്ച രാത്രിയാണു സംഭവം. കോൺസ്റ്റബിൾമാരായ പ്രശാന്ത് കുമാറിനെയും സന്ദീപ് കുമാറിനെയും സഹയാത്രികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവേക് തിവാരിയും സുഹൃത്ത് സനാ ഖാനും എസ്‌യുവിയിൽ വരുന്നതിനിടെ വാഹനം നിർത്താൻ പ്രശാന്തും സന്ദീപും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാഹനം നിർത്താൻ തയാറാകാതിരുന്ന ഇവർ പട്രോളിങ് ബൈക്കിൽ ഇടിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രശാന്ത് വെടിയുതിർക്കുകയായിരുന്നു.  

സംഭവത്തെക്കുറിച്ച് പൊലീസുകാർ പറയുന്നതിങ്ങനെ: സംശയാസ്പദമായ നിലയിൽ കാർ നിർത്തിയിട്ടിരുന്നത് കണ്ടിരുന്നു. ലൈറ്റുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. ഞങ്ങൾ കാറിനടുത്ത് എത്തിയപ്പോഴേക്കും അകത്തുണ്ടായിരുന്നവർ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. ഞങ്ങളുടെ ബൈക്കില്‍ ഇടിച്ചു. കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പിന്നോട്ടെടുത്ത് ‍വീണ്ടും ഞങ്ങളെ ഇടിക്കാൻ ശ്രമിച്ചു. പുറത്തേക്കു വരാൻ ആവശ്യപ്പെട്ടതോടെ മൂന്നാമതും കാർ പിന്നോട്ടെടുത്ത് ബൈക്കിൽ ശക്തിയായി ഇടിച്ചു. തുടർന്ന് അയാളെ പേടിപ്പിക്കുന്നതിനായിട്ടാണ് തോക്കെടുത്തത്. ഉടനെ തന്റെ ശരീരത്തിൽ കാർ കയറ്റുന്നതിനായിരുന്നു ശ്രമം. ഇതോടെ സ്വയരക്ഷയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്നു കോൺസ്റ്റബിൾ പ്രശാന്ത് വ്യക്തമാക്കി.

എന്നാൽ തങ്ങളുടെ കാർ പൊലീസ് പട്രോളിങ് ബൈക്കിൽ ഇടിച്ചിട്ടില്ലെന്ന് വിവേകിന്റെ സഹയാത്രിക സനാ ഖാൻ പറഞ്ഞു. പൊലീസ് തങ്ങളെ ബലമായി പിടിച്ചുനിർത്താൻ ശ്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. വിവേകിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.