ജപ്പാനെ വിറപ്പിച്ച് ‘ട്രാമി’; ഇന്നേവരെയില്ലാത്ത മഴയും കൂറ്റൻ തിരമാലകളുമെന്ന് മുന്നറിയിപ്പ്

ട്രാമി ചുഴലിക്കാറ്റിനു മുന്നോടിയായി ജപ്പാനിൽ മഴയെത്തിയപ്പോൾ. ചിത്രം: എഎഫ്പി

കഗോഷിമ∙ തെക്കൻ ദ്വീപുകളിൽ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നു. ട്രാമിക്കൊപ്പം കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകർ നൽകിയിരിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച മുന്നറിയിപ്പും നൽകിയിട്ടുണ്ട് .യക്കുഷിമ ദ്വീപിൽ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിപ്പോൾ. കടൽത്തിരമാലകളുടെ ഉയരവും കാറ്റിന്റെ വേഗവും റെക്കോർഡാകുമെന്നാണ് ജപ്പാനിൽ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ജനങ്ങൾക്കു കനത്ത ജാഗ്രതാനിർദേശവുമുണ്ട്. 

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്റെ ഗതാഗത സംവിധാനത്തെ ഇതിനോടകം ‘ട്രാമി’ ബാധിച്ചു കഴിഞ്ഞു. പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സർവീസുകളെയെങ്കിലും ബാധിച്ചു. ജപ്പാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ബുള്ളറ്റ് ട്രെയിനുകളും സർവീസ് നടത്തുന്നില്ല.

ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റിൽ 45 പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ഒരാൾ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കനത്ത കാറ്റിൽ കാറുകൾ ഉൾപ്പെടെ ചുഴറ്റിയെറിയപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. 3.49 ലക്ഷം പേരോടു വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാനും നിർദേശിച്ചു.

മൂന്നു ലക്ഷം വീടുകളിൽ നിലവിൽ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ഞായറാഴ്ചയോടെ ജപ്പാന്റെ പ്രധാന തീരത്ത് ട്രാമി ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇതിന്റെ തീവ്രത അനുഭവപ്പെടും. അതീവശക്തമായാണു കാറ്റ് വീശുന്നത്. മിക്കയിടത്തും ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നു നിർദേശിച്ചിട്ടുണ്ട്. കഗോഷിമയിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

അടുത്തിടെ ജപ്പാന്റെ പടിഞ്ഞാറൻ ഭാഗത്തുണ്ടായ ജെബി ചുഴലിക്കാറ്റിൽ 11 പേരാണു മരിച്ചത്. വർഷത്തിന്റെ ആദ്യം കനത്ത വെള്ളപ്പൊക്കമുണ്ടായ ജപ്പാനിൽ പിന്നാലെയെത്തിയത് കൊടുംചൂടായിരുന്നു. ജപ്പാനിൽ ഇന്നേവരെയുണ്ടായ ഏറ്റവും ശക്തമായ വേനലാണു കടന്നു പോയത്. 40 പേർ കൊല്ലപ്പെട്ട ഭൂകമ്പവും ഈ സെപ്റ്റംബറിലാണുണ്ടായത്. 6.6 ആയിരുന്നു അന്ന് ഭൂകമ്പത്തിന്റെ തീവ്രത.