ബെംഗളൂരു – കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് വരുന്നു; കേന്ദ്രമന്ത്രി കണ്ണന്താനം ഉദ്ഘാടനം ചെയ്യും

പ്രതീകാത്മക ചിത്രം

കൊച്ചി∙കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കുള്ള പുതിയ ട്രെയിൻ കൊച്ചുവേളി ബാനസവാടി ദ്വൈവാര ഹംസഫർ എക്സപ്രസ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ഇതു സംബന്ധിച്ച കത്ത് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ അൽഫോൻസ് കണ്ണന്താനത്തിനു നൽകി. 

വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.50ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 10.45 ന് ബാനസവാടിയിൽ എത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് ഏഴിന് ബാനസവാടിയിൽനിന്നു പുറപ്പെട്ടു അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും. 22 തേഡ് എസി കോച്ചുകൾ മാത്രമുളള ട്രെയിനാണ് ഹംസഫർ. സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷൻ ഡിസ്പ്ലേ സംവിധാനം, എൽഇഡി ലൈറ്റുകൾ, സ്മോക്ക് അലാറം, കോഫി വെൻഡിങ് മെഷീൻ, മിനി പാൻട്രി തുടങ്ങിയ പ്രത്യേകതകളാണു ഹംസഫർ ട്രെയിനുകളിലുള്ളത്. 

തിരുവനന്തപുരം– ബെംഗളൂരു സെക്ടറിൽ കൂടുതൽ ട്രെയിനുകളോടിക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ മന്ത്രാലയത്തിനും മന്ത്രിമാരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും പ്രതിദിന സർവീസിനായി ശ്രമിക്കുമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ട്രെയിൻ ഒാടിക്കാനുളള തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം പ്രസിഡന്റ് പി.ജി.വെങ്കിടേഷ്, ലാൽ പ്രസാദ് എന്നിവർ പറഞ്ഞു.