പെൺകുട്ടി ട്രെയിനിൽനിന്നു തെന്നി; അദ്ഭുതകരമായി രക്ഷിച്ച് സഹയാത്രികർ

ട്രെയിനിന്റെ വാതിൽപ്പടിയിൽനിന്നു യാത്ര ചെയ്യുന്ന പെൺകുട്ടി. താഴേക്കു തെന്നിവീണ പെൺകുട്ടിയെ യാത്രക്കാർ ടീഷർട്ടിൽ പിടിച്ച് രക്ഷിക്കുന്നു. (വിഡിയോ ചിത്രം)

മുംബൈ∙ ട്രെയിനിന്റെ വാതിൽപ്പടിയിൽ യാത്രചെയ്യവേ തെന്നിവീണ പെൺകുട്ടിക്ക് അദ്ഭുതകരമായ രക്ഷപ്പെടൽ. തിങ്കളാഴ്ച മുംബൈയിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഘാട്കോപർ വിക്രോളി സ്റ്റേഷനുകൾക്കിടയിൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പതിനേഴുകാരി. ഇയർഫോൺ ചെവിയിൽ വച്ച്, ട്രെയിനിന്റെ ഫുട്ബോർഡിനോടു ചേർന്നാണു നിന്നിരുന്നത്. കാറ്റേറ്റുള്ള അലസമായ നിൽപ്പിനിടെ, ഒറ്റക്കയ്യിൽ തൂങ്ങി പെൺകുട്ടി പുറത്തേക്കായുന്നതും വിഡിയോയിൽ കാണാം.

പെൺകുട്ടി പുറത്തേക്കാഞ്ഞതിന്റെ തൊട്ടടുത്ത നിമിഷമാണു സമീപട്രാക്കിലൂടെ എതിർവശത്തേക്കു മറ്റൊരു ട്രെയിൻ പാഞ്ഞുപോയത്. ഈ ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽപ്പെട്ടു പെൺകുട്ടി പിടിവിട്ടു താഴേക്കുതെന്നി. സമീപത്തുണ്ടായിരുന്ന യാത്രക്കാരിലൊരാൾ പെൺകുട്ടിയുടെ ടീഷർട്ടിൽ പിടിത്തമിട്ടതിനാൽ നിലത്തുവീണില്ല.

ടീഷർട്ടിൽ തൂങ്ങിയാടുന്ന പെൺകുട്ടിയുമായി ട്രെയിൻ ഏതാനും സെക്കൻഡുകൾ മുന്നോട്ടുപോയി. മറ്റു യാത്രക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ ട്രെയിനിനുള്ളിലേക്കു വലിച്ചുകയറ്റി. വീഴ്ചയിൽ കൈ മുറിയുകയും പരിഭ്രാന്തയാവുകയും ചെയ്ത പെൺകുട്ടിക്കു ദിവ സ്റ്റേഷനിൽ വൈദ്യശുശ്രൂഷ നൽകി. വലിയ തിരക്കില്ലാതിരുന്നിട്ടും ട്രെയിനിന്റെ വാതിൽക്കൽനിന്നതാണ് അപകടത്തിനു കാരണമെന്നു യാത്രക്കാർ പറഞ്ഞു.

യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. താനെ ജില്ലയിലെ ദിവ സ്വദേശിയാണു പെൺകുട്ടി. താൻ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നില്ലെന്നും ബാലൻസ് തെറ്റി വീണതാണെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു.