ലുബാൻ പോയപ്പോൾ പാക്കിസ്ഥാന്റെ ‘ചിത്രശലഭം’; മഴഭീതി അകന്ന് കേരളം

പത്തനംതിട്ട ∙ പ്രവചനങ്ങളുടെയും ജാഗ്രതാ മുന്നറിയിപ്പുകളുടെയും പ്രളയത്തിടെ മഴ പിൻവലിഞ്ഞു. സംസ്ഥാന വ്യാപകമായ മഴയും റെഡ് അലർട്ടുമായി ഓഖിയുടെ അതേ പാതയിലൂടെ എത്തിയ ലുബാൻ ചുഴലിക്കാറ്റ് യെമൻ തീരത്തേക്കു പിൻവലിഞ്ഞതോടെയാണു കേരളത്തെ പൊതിഞ്ഞു നിന്ന പേമാരിഭീതി കടലുകടന്നത്. ചൊവ്വാഴ്ച ചിലയിടങ്ങളിൽ സാധ്യതയുണ്ടെങ്കിലും സംസ്ഥാന വ്യാപകമായ മഴയില്ല. എന്നാൽ 19ന് കന്യാകുമാരി തീരത്ത് വീണ്ടും ന്യൂനമർദത്തിനു ‍സാധ്യതയുണ്ട്.

ഒഡീഷ തീരത്തേക്കു തിത്‌ലി

അറബിക്കടലിൽനിന്നു കൂടുതൽ നീരാവി സ്വീകരിച്ചു തീവ്രചുഴലിക്കാറ്റായി മാറിയ ലുബാൻ ഒമാൻ–യെമൻ തീരം ലക്ഷ്യമാക്കി ശക്തിപ്പെടുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ലുബാനു പിന്നാലെ വരുന്ന കാറ്റിനു തിത്‌ലി എന്നാവും പേര്. ചിത്രശലഭമെന്നാണ്  പാക്കിസ്ഥാൻ നൽകിയ ഈ പേരിന്റെ  അർഥം. ലുബാ‍ൻ പടിഞ്ഞാറേക്കു നീങ്ങുന്നതിനാൽ കേരളത്തെയും ലക്ഷദ്വീപിനെയും ബാധിക്കില്ല.

ഒഡീഷ ചുഴലിയുടെ സ്വാധീനം മൂലം കേരളത്തിൽ ചിലയിടങ്ങളിൽ ഏതാനും ദിവസംകൂടി ഇടയ്ക്ക് നേരിയ മഴ ലഭിക്കും. ഇതിനു ശേഷം മഴയുടെ അളവ് കുറയും. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര–ഒഡീഷ തീരത്തിന് 600 കിലോമീറ്ററോളം കിഴക്ക് നിലകൊള്ളുന്ന ന്യൂനമർദം തീവ്രരൂപം പ്രാപിച്ചാണ് ബുധനാഴ്ചയോടെ ചുഴലിയായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. വ്യാഴാഴ്ച ഇത് ഒഡീഷാതീരത്തേക്ക് കയറും. തീവ്രതയെപ്പറ്റി പറയാറായിട്ടില്ല. ഒരേ സമയം രണ്ട് ചുഴലികൾക്കിടയിൽ പെട്ടതോടെ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ വെല്ലുവിളിയായി മാറിയെന്ന് നിരീക്ഷകർ പറഞ്ഞു.

തുലാമഴ വൈകിയേക്കും

തുലാമഴയ്ക്കു കളമൊരുങ്ങുന്നു എന്ന പ്രവചനം തൽക്കാലത്തേക്ക് പിൻവലിച്ച് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി). കാലവർഷം ഏതാണ്ട് പൂർണമായും പിന്മാറുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ തുലാമഴയ്ക്ക് തുടക്കമാകുമെന്നായിരുന്നു ചെന്നൈ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചത്.

ലുബാനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലികൂടി രൂപപ്പെടുന്നത് തുലാമഴയുടെ ചിറകൊടിക്കും. രണ്ടു ചുഴലിയും കൂടി ഈ മേഖലയിലെ നീരാവി വലിച്ചെടുക്കുന്നതിനാലാണ് ഇത്. ഈ സാഹചര്യത്തിൽ ഒഡീഷ തീരത്തെ ചുഴലി കൂടി കെട്ടടങ്ങിയശേഷമേ കേരളത്തിലും തമിഴ്നാട്ടിലും തുലാമഴ ശക്തിപ്പെടുകയുള്ളൂവെന്ന് ഐഎംഡി അറിയിച്ചു. 

മൺസൂൺ പിൻവാങ്ങുന്നു

രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ ഏതാനും ദിവസങ്ങൾക്കകം പിൻവലിയുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അതിവേഗമാണ് ഈ വർഷം മൺസൂൺ പിൻവാങ്ങുന്നത്. തെക്കുനിന്നെത്തുന്ന മഴമേഘം രാജസ്ഥാൻ വരെ സഞ്ചരിച്ച് തിരികെ തമിഴ്നാട് കേരളം വഴി തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്കു തന്നെ മടങ്ങുന്നതാണ് ഈ പ്രതിഭാസം. ഈ കാറ്റ് പിൻവാങ്ങിയാലുടൻ വടക്കുകിഴക്കൻ തുലാമഴ കേരളത്തിലും തമിഴ്നാട്ടിലും കളംപിടിക്കും. തിങ്കളാഴ്ചത്തെ മഴ: കൊടുങ്ങല്ലൂർ (9 സെന്റിമീറ്റർ), പീരുമേട് (6 സെന്റിമീറ്റർ), ആലപ്പുഴ, കൊച്ചി, നിലമ്പൂർ (4 സെന്റിമീറ്റർ).