‘ഗർഭച്ഛിദ്രം വാടകക്കൊലയാളിയെ ഏർപ്പെടുത്തുന്നതുപോലെ’

ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി ∙ പ്രശ്നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തുന്നതുപോലെയാണു മനുഷ്യശിശുവിനെ ഒഴിവാക്കാൻ ഗർഭച്ഛിദ്രത്തിനു തുനിയുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ. ഗർഭധാരണത്തെ തടസ്സപ്പെടുത്തുന്നത് ആരെയോ ഒഴിവാക്കുന്നതു പോലെയാണെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരാധനയ്ക്കെത്തിയവരോട് എഴുതിത്തയാറാക്കിയ പ്രസംഗത്തിൽനിന്നു മാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പ്രശ്നം പരിഹരിക്കാനായി മനുഷ്യജീവൻ ഇല്ലാതാക്കുന്നതു ശരിയാണോ? ഞാൻ ചോദിക്കുന്നു, അതു ശരിയോ തെറ്റോ?’– മാർപാപ്പ സദസ്സിനോടു ചോദിച്ചു. ‘തെറ്റാണ്’– സദസ്യർ പ്രതികരിച്ചു. യുദ്ധം, ചൂഷണം എന്നിവയോടു ചേർത്താണു മാർപാപ്പ ഗർഭച്ഛിദ്രത്തെയും പരാമർശിച്ചത്. ഈയിടെ തന്റെ നാടായ അർജന്റീനയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ബില്ലിനെ മാർപാപ്പ നിശിതമായി വിമർശിച്ചിരുന്നു.