ഐഎൻഎക്സ് മീഡിയ കേസ്: കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

കാർത്തി ചിദംബരത്തിന്റെ പേരിൽ വിവിധ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍. ചിത്രം: എഎൻഐ ട്വിറ്റർ

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇന്ത്യയിലെയും വിദേശത്തെയും 54 കോടി രൂപയുടെ മൂല്യമുള്ള സ്വത്തുക്കളാണു കണ്ടുകെട്ടിയത്. ആദായനികുതി വകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നു കാർത്തി ചിദംബരം പ്രതികരിച്ചു. 

ന്യൂഡൽഹിയിലെ ജോർബാഗിലെ ഫ്ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, ബ്രിട്ടനിലെ വീട്, ബാഴ്സലോനയിലെ വസ്തു എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ പെടും. ചെന്നൈയിലെ ബാങ്കില്‍ കാർത്തിയുടെ പേരിലുള്ള 90 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. 

കാർത്തിയുടെ അച്ഛൻ പി. ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ൽ ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം വിദേശത്തുനിന്ന് 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതിൽ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്റെ (എഫ്ഐപിബി) ചട്ടങ്ങൾ ലംഘിച്ചെന്നാണു കേസ്. ഇക്കാര്യത്തിൽ കാർത്തി ചിദംബരം വഴിവിട്ടു സഹായിച്ചെന്നും കമ്മിഷൻ വാങ്ങിയെന്നുമായിരുന്നു ആരോപണം.