സേനയും ബിജെപിയും സംസ്ഥാനത്ത് ഒന്നിക്കില്ല; പൊതുതിരഞ്ഞെടുപ്പിൽ ഒന്നിച്ചേക്കാമെന്ന് പവാർ

മുംബൈ∙ 2019ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒന്നിച്ചു മത്സരിക്കാനാണ് സാധ്യതയെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ ഒന്നിക്കാനിടയില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. സാഹചര്യങ്ങൾ മാറിയതിനാൽ നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പും ഒന്നിച്ചു നടക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   

റഫാൽ അഴിമതി ഇടപാട് സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്ന നിലപാട് പവാർ ആവർത്തിച്ചു. ബോഫേഴ്സ് ഇടപാടിൽ ജെപിസി അന്വേഷണം വേണമെന്ന ബിജെപി നിലപാട് അന്ന് അംഗീകരിക്കപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെ റഫാലിൽ ജെപിസി അന്വേഷണമെന്ന ആവശ്യം എഴുതിത്തള്ളാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യത്തിനു പവാര്‍ മറുപടി നല്‍കി. ഇതു ചര്‍ച്ച ചെയ്യാന്‍ 15 ദിവസത്തിനുള്ളില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണപങ്കാളിത്തത്തിലാണെങ്കിലും ശിവസേനയും ബിജെപിയും തമ്മിൽ അത്ര നല്ല ബന്ധമല്ല നിലവിലുള്ളത്. ഒറ്റയ്ക്ക് ജനവിധി തേടുമെന്ന് ശിവസേന നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ പൊതുതിരഞ്ഞടുപ്പിന് ശിവസേനയുമായുള്ള സഹകരണം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രബല ശക്തിയായ എൻസിപിയുടെ നേതാവിന്‍റെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.