രാഷ്ട്രീയ ന്യായീകരണം ഉത്തരവിലും; ബ്രൂവറിയിൽ സർക്കാർ വീണ്ടും വിവാദത്തിൽ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബ്രൂവറികള്‍ റദ്ദാക്കിയതു രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്നു സര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ ന്യായീകരണം അതേപടി ഉത്തരവില്‍ ചേര്‍ത്തതിന്‍റെ തെളിവുകള്‍ പുറത്ത്. പ്രളയ പുനര്‍നിര്‍മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണ് നടപടിയെന്നാണ് ഉത്തരവിലെയും വാദം. 

നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിചിത്ര ഉത്തരവില്‍ സര്‍ക്കാര്‍ ന്യായീകരിക്കുന്നു. ബ്രൂവറി – ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ ഉത്തരവിന്റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു. അനുമതിക്കുള്ള മാനദണ്ഡം തയാറാക്കാനുള്ള സമിതി ഈമാസം 31ന് റിപ്പോര്‍ട്ട് നല്‍കും. ബ്രൂവറികള്‍ റദ്ദാക്കിയതു രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്നാണു സര്‍ക്കാര്‍ രേഖ കൃത്യമായി പറഞ്ഞു വയ്ക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയന്യായീകരണം അതേപടി ഉത്തരവില്‍ ചേര്‍ത്തത് ഇതിന് തെളിവാണ്.  

കഴിഞ്ഞ ദിവസമാണു വിമര്‍ശനങ്ങളുടെ നടുവില്‍ ബ്രൂവറി അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അന്നുതന്നെ നാട് ഒന്നിച്ചുനില്‍ക്കേണ്ട സമയത്തു വിവാദം വേണ്ടെന്നു നിലയ്ക്കാണു നടപടിയെന്നു മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.