അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റം തടഞ്ഞു; മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

സംഘർഷം നടന്ന പ്രദേശത്തു നിന്ന് പുക ഉയരുന്നു. എഎൻഐ പുറത്തുവിട്ട ചിത്രം

ജമ്മു∙ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം ചെറുക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ‌ സൈനികർക്കു വീരമൃത്യു. ഞായറാഴ്ച ഉച്ചയ്ക്കു നടത്തിയ സൈനിക നീക്കത്തിൽ ആയുധധാരികളായ രണ്ട് പാക്കിസ്ഥാനി നുഴഞ്ഞു കയറ്റക്കാരെ വധിച്ചു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സൈന്യം അറിയിച്ചു.

പാക് സൈനികരും പരിശീലനം നേടിയ ഭീകരന്മാരും അടങ്ങിയ ബോർഡർ ആക്‌ഷൻ ടീമിലെ (ബിഎടി) അംഗങ്ങളാണ് നീക്കത്തിനു പിന്നിലെന്നാണു കരുതുന്നത്. നിയന്ത്രണ രേഖയ്ക്കു സമീപം ഉച്ചയ്ക്ക് 1.45–ഓടെയാണ് സംഭവം. പട്രോൾ‌ നടത്തുകയായിരുന്ന സൈനികർ നുഴഞ്ഞുകയറ്റക്കാരെ വധിച്ച് എകെ 47 തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു.

ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ഉദ്ദംപൂരിലെ ആര്‍മി കമാൻഡ് ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. വെടിവയ്പ് നടന്ന സ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചിൽ തുടരുകയാണ്.