സീറ്റു വിഭജനം കീറാമുട്ടി; തെലങ്കാനയിൽ വിശാല സഖ്യത്തിൽ പ്രതിസന്ധി

എം. കോദണ്ഡറാം

ഹൈദരാബാദ്∙ സീറ്റു വിഭജനത്തിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ ഭാവി പ്രതിസന്ധിയിൽ. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുമായി ചേർന്നാണ് വിശാലസഖ്യം രൂപീകരിച്ചത്. എന്നാൽ ദിവസങ്ങളായി നടത്തുന്ന സീറ്റു വിഭജന ചർച്ച എങ്ങുമെത്താതായതോടെ ഭരണകക്ഷിയായ തെലങ്കാല രാഷ്ട്ര സമിതിയെ (ടിആർഎസ്) മലർത്തിയടിക്കാൻ രൂപീകരിച്ച വിശാലസഖ്യം പിളർപ്പിന്റെ വക്കിലാണ്.

119 സീറ്റുകളിൽ 90 എണ്ണത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ബാക്കി 29 സീറ്റുകളാണു 3 കക്ഷികൾ പങ്കിടേണ്ടത്. 15 സീറ്റിൽ തൃപ്തിപ്പെടാൻ ടിഡിപി തയാറാണ്. പക്ഷേ, ബാക്കിയുള്ള 14 സീറ്റിൽ ഒതുങ്ങാൻ ടിജെഎസും സിപിഐയും തയാറല്ല. ഒൻപതു സീറ്റുകൾ വേണമെന്ന് സിപിഐ ആവശ്യപ്പെട്ടെങ്കിലും ചെറിയ വിട്ടുവീഴ്ചകൾക്കു പാർട്ടി തയാറാണ്. എന്നാൽ സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ടിജെഎസ്.

36 സീറ്റുകളുടെ പട്ടികയാണ് തെലങ്കാന ജനസമിതി (ടിജെഎസ്) നൽകിയിട്ടുള്ളതെങ്കിലും 16 സീറ്റുകൾ എങ്കിലും വേണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ 9 സീറ്റുകൾ മാത്രമേ നൽകാനാവു എന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം, നൽകാമെന്നു പറയുന്ന 9 സീറ്റുകളിൽ 4 എണ്ണം വിജയസാധ്യത തീരെക്കുറവുള്ള മണ്ഡലങ്ങളാണെന്നാണ് ടിജെഎസ് വിലയിരുത്തൽ.

അർഹമായ സീറ്റു വിഹിതം ലഭിച്ചില്ലെങ്കിൽ മഹാസഖ്യത്തിൽനിന്നു പിൻമാറണമെന്ന നിലപാടിലാണു പാർട്ടി നേതൃത്വം. സ്ഥാനാർഥിത്വം ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നു ചില നേതാക്കൾ മുന്നറിയിപ്പു നൽകിയതോടെ ടിജെഎസ് അധ്യക്ഷൻ എം.കോദണ്ഡറാം കടുത്ത സമ്മർ‌ദത്തിലാണ്. ഇതോടെ എത്രയും വേഗം അർഹമായ വിഹിതം നൽകി സീറ്റുവിഭജനം പൂർത്തിയാക്കിയില്ലെങ്കിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ടിജെഎസ്.