ആണവായുധ ശേഖരം ശക്തമാക്കുമെന്ന് ട്രംപ്, റഷ്യയുമായുള്ള ആണവ കരാർ റദ്ദാക്കുമെന്നും പ്രഖ്യാപനം

ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ ആണവശേഖരം ശക്തമാക്കാൻ തങ്ങൾ ഒരുക്കമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയുമായി ശീതയുദ്ധ കാലത്തുള്ള ആണവ ഉടമ്പടിയിൽനിന്ന് പിൻവാങ്ങുകയാണെന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് ആശങ്കയിലാഴ്ത്തുന്ന പുതിയ വെളിപ്പെടുത്തൽ. എന്നാൽ കരാറിൽ‌നിന്നുള്ള യുഎസ് പിൻമാറ്റം ലോക സുരക്ഷയ്ക്കുതന്നെ വൻ ഭീഷണിയാകുമെന്ന് റഷ്യ മുന്നറിയിപ്പു നൽകി. മുൻ യുഎസ് പ്രസിഡന്‍റ് റൊണാൾഡ് റീഗനും സോവിയറ്റ് യൂണിയന്റെ അന്നത്തെ ഭരണാധികാരി മിഖായേൽ ഗോർബച്ചേവും തമ്മിൽ ഒപ്പിട്ട മധ്യദുര ആണവായുധ ഉടമ്പടിയിൽനിന്നു പിൻമാറുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. റഷ്യയുടെ ഭാഗത്തുനിന്നു കരാർ ലംഘനം ഉണ്ടായതായി ആരോപിച്ചാണ് തീരുമാനം. എന്നാൽ തങ്ങള്‍ കരാർ ലംഘിച്ചിട്ടില്ലെന്നും യുഎസാണ് ലംഘനം നടത്തിയിട്ടുള്ളതെന്നുമാണ് റഷ്യയുടെ നിലപാട്.

ഹ്രസ്വ– മധ്യദൂര ആണവായുധങ്ങളുടെ ഉപയോഗവും നിർമ്മാണവും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഉടമ്പടി. കരാറിന്‍റെ അന്തഃസത്ത ഉൾക്കൊള്ളാനോ കരാർ പാലിക്കാനോ റഷ്യ തയാറായിട്ടില്ലെന്ന് ട്രംപ് ആരോപിച്ചു. റഷ്യക്കും ചൈനയ്ക്കും തിരിച്ചറിവുണ്ടാകുന്നതു വരെ ആണവായുധ നിർമാണം തുടരുമെന്നും ഇതു നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, കരാർ സംരക്ഷിക്കാൻ യുഎസുമായി ചർച്ചകൾക്കൊരുക്കമാണെന്ന് റഷ്യൻ സുരക്ഷ കൗൺസിൽ വ്യക്തമാക്കി.

കരാർ റദ്ദാക്കുന്നതായുള്ള ട്രംപിന്‍റെ പ്രഖ്യാപനത്തിനു ശേഷം റഷ്യയിലെത്തിയ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ സുരക്ഷാ കൗൺസിൽ അധ്യക്ഷൻ നിക്കോളായ് പട്രുഷേവും ബോൾട്ടണുമായി നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. കരാർ ലംഘിച്ച്, റഷ്യ ഹ്രസ്വ– ദീർഘ ദൂര മിസൈലുകൾ വിന്യസിക്കുന്നതായാണ് യുഎസിന്‍റെ ആരോപണം. ചൈനക്കെതിരെയും ട്രംപ് ഭരണകൂടം സമാന ആരോപണം ഉന്നയിച്ചിരുന്നു. തങ്ങൾ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്നും എന്നാൽ ആണവാക്രമണം ഉണ്ടായാൽ തിരിച്ചടി അനിവാര്യമാണെന്ന് ബന്ധപ്പെട്ടവർ മനസിലാക്കണമെന്നും പുടിൻ അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു.