വില്ല ചുഴലി മെക്സിക്കോ തീരത്ത്, വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്

വില്ല ചുഴലിക്കുമുൻപായെത്തിയ കനത്ത മഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ. മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തെ എസ്ക്വിനാപയിൽനിന്നുള്ള ചിത്രം.

മെക്സിക്കോ സിറ്റി∙ ശക്തമായ കാറ്റിന്‍റെയും കനത്ത മഴയുടെയും അകമ്പടിയോടെ മെക്സിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തിയ വില്ല ചുഴലിക്കാറ്റ് വിനാശകരമായ കടൽക്ഷോഭത്തിനു കാരണമായേക്കുമെന്നാണു മുന്നറിയിപ്പ്. കരയ്ക്കടുത്തതോടെ ചുഴലിയുടെ തീവ്രത കുറഞ്ഞെങ്കിലും ശക്തമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചലിനും ഇതു കാരണമായേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ദക്ഷിണ – പശ്ചിമ മെക്സിക്കൻ തീരങ്ങളിലാണ് ചുഴലിക്കാറ്റിന്‍റെ ഭാഗമായി വൻ തോതിലുള്ള കടൽക്ഷോഭത്തിനു സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. പ്രാദേശികമായ ഒരു ജയിൽ സ്ഥിതിചെയ്യുന്ന മരിയാസ് ദ്വീപിലാണ് ചുഴലി ആദ്യമെത്തിയത്. ഇവിടെയുള്ള 1000 തടവുകാരുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങളോട് ആഭ്യന്തര മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല. ചുഴലി ഈ മേഖലയിൽ എന്തെങ്കിലും നാശം വിതച്ചതായി ഇതുവരെ റിപ്പോർട്ടില്ലെന്ന് മെക്സിക്കോയിലെ അടിയന്തര സേവന വിഭാം തലവൻ ലൂയിസ് ഫെൽപി പ്യുയെന്‍റെ വ്യക്തമാക്കി.

പ്രശ്ന സാധ്യതയുള്ള മേഖലകളിൽനിന്നു വിനോദസഞ്ചാരികളുൾപ്പെടെ 4,250 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാർപ്പിച്ചിട്ടുണ്ട്. താല്‍ക്കാലികമായി പടുത്തുയർത്തിയ 58 കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. ജലിസ്കോ, സിനലോവ, നയറിട്, ജലിസ്കോ എന്നീ സംസ്ഥാനങ്ങളിലാണു വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചലിനുമുളള സാധ്യത റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. മൂന്നിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് തീരത്ത് കനത്ത മഴയെ തുടർന്ന് ഒരു ചരക്കു തീവണ്ടി പാളം തെറ്റി. ഈ മേഖലയിൽ വിനാശകരമായ ചുഴലിയും മഴയും തുടർക്കഥയാകുകയാണ്.