ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിജെപിക്ക്, ശ്രീധരൻപിള്ള മറുപടി പറയണം: കടകംപള്ളി

കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിജെപിക്കെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്രമണത്തിനു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മറുപടി പറയണമെന്നും കടകംപള്ളി പറഞ്ഞു. കുണ്ടമൺകടവിലെ ആശ്രമം സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ സമൂഹത്തിനു പരിചിതമല്ലാത്ത ഒരു മാർഗമാണിത്. ഉത്തരേന്ത്യയിലേതിനു സമാനമായ രീതിയിൽ ഫാസിസ്റ്റ് തേർവാഴ്ചയ്ക്കുള്ള ശ്രമമാണു ശബരിമല പ്രശ്നമുണ്ടായപ്പോൾ മുതൽ വർഗീയ വാദികളും മതഭ്രാന്തന്മാരും നടത്തുന്നത്.

READ: ശബരിമല: സർക്കാരിനെ ന്യായീകരിച്ച് എംഎൽഎ പൊതുവേദിയിൽ; സദസ്സിൽ പ്രതിഷേധം

സമാന്തരമായി വയർലെസ് സെറ്റുകളുടെ ശേഖരവുമായി ഒരു മാന്യന്‍ നിൽക്കുന്ന കാഴ്ചയും കേരളം കണ്ടു. ഏതു മാർഗ്ഗത്തിലൂടെയും മതേതര കേരളത്തിന്റെ നന്മയെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. അതിനെതിരെ പ്രതിഷേധിക്കണം. സന്ദീപാനന്ദ ഗിരിക്കൊപ്പമായിരിക്കും മതേതര കേരളമെന്ന കാര്യത്തിൽ സംശയം വേണ്ട - കടകംപള്ളി പറഞ്ഞു.

READ: പുണ്യം കിട്ടാൻ ദൈവത്തിനു കൊടുക്കേണ്ട, മുഖ്യമന്ത്രിക്കു കൊടുത്താൽ മതി : കടകംപള്ളി

ആക്രമണങ്ങളിലൂടെ സന്ദീപാനന്ദഗിരിയുടെ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഇല്ലായ്മ ചെയ്യാമെന്നു കരുതിയെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നു വരുന്ന കേരളം മനസ്സിലാക്കിത്തരും. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണു നേരിടേണ്ടത്. ഇഷ്ടമില്ലാത്തതു പറയുന്നവരെ ശാരീരികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് സമീപനത്തിനു കേരളത്തിൽ സ്ഥാനമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.