എം. മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം

എം.മുകുന്ദന്‍

തിരുവനന്തപുരം∙ 2018 ലെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന്. മലയാളത്തിനു നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാരത്തുക. സാഹിത്യ രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണിത്. പലരും എതിർത്തിട്ടും നിലപാടുകളിൽ ഉറച്ചുനിന്നതിനുള്ള അംഗീകാരമാണിതെന്ന് എം. മുകുന്ദൻ പ്രതികരിച്ചു. എഴുത്തിൽ ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടു. പലരെയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘അവസാനമായി എഴുതിയ മൂന്നുകഥകളും നന്നായി വായിക്കപ്പെട്ടു. അച്ഛൻ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിവയ്ക്കു നൽകിയ സ്വീകാര്യത എന്നിലെ എഴുത്തുകാരനെ പ്രചോദിപ്പിക്കുകയാണ്, വീണ്ടും എഴുതാൻ...’’ എം.മുകുന്ദൻ മനോരമ ഓൺലൈനുമായി സംവദിച്ചതു വായിക്കാം

മലയാള സാഹിത്യത്തിൽ ആധുനികതയുടെ വക്താവും പ്രയോക്താവുമാണ് 1942 ൽ മയ്യഴിയിൽ ജനിച്ച മുകുന്ദൻ. അരനൂറ്റാണ്ടു നിറഞ്ഞു നിന്ന എഴുത്തു ജീവിതത്തിൽ ഭാഷയുടെയും അനുഭവങ്ങളുടെയും പുതിയ വഴികളിലൂടെ മലയാളികളെ കൈപിടിച്ചു നടത്തിയ എഴുത്തുകാരനാണദ്ദേഹം. കേന്ദ്ര–കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എം.പി. പോൾ, മുട്ടത്ത് വർക്കി, വയലാർ പുരസ്കാരങ്ങൾക്കു പുറമേ കലയ്ക്കും സാഹിത്യത്തിനും ഫ്രഞ്ചു സർക്കാർ നൽകുന്ന പുരസ്കാരമായ ‘ഷെവലിയർ’ പുരസ്കാരവും നേടിയിട്ടുണ്ട്. മാഹിയിലാണ് താമസം.

ദൈവത്തിന്റെ വികൃതികൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നൃത്തം, കേശവന്റെ വിലാപങ്ങൾ, ഈ ലോകം അതിലൊരു മനുഷ്യൻ, പ്രവാസം, മുകുന്ദന്റെ കഥകൾ തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ പലതും വിവിധ ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്.