യുപിയിൽ കടുവാ വേട്ട: നാട്ടുകാർ തല്ലിക്കൊന്നു; മുകളിലേക്ക് ട്രാക്ടർ ഓടിച്ചുകയറ്റി

പ്രതീകാത്മക ചിത്രം

ലക്നൗ∙ ഉത്തർ‌പ്രദേശില്‍ പെൺകടുവയെ നാട്ടുകാർ തല്ലിക്കൊന്നു. ഞായറാഴ്ച കടുവയുടെ അക്രമത്തിൽ പരുക്കേറ്റ ഒരാൾ ആശുപത്രിയിൽവച്ച് മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ കാട്ടിൽ രണ്ടു വർ‌ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ ആവണിയെന്ന പെൺകടുവയെ വെടിവച്ചുകൊന്നിരുന്നു. ഇതേ തുടർന്ന് ഉയർന്ന വിവാദം അവസാനിക്കുന്നതിനു മുൻപാണു വീണ്ടുമൊരു കടുവാ വേട്ട കൂടി റിപ്പോർട്ട് ചെയ്യുന്നത്.

ലക്നൗവിൽനിന്ന് 210 കിലോമീറ്റർ‌ അകലെയുള്ള ദുദ്‍വാ കടുവാ സങ്കേതത്തിനു സമീപത്തുവച്ചാണ് 50 വയസ്സുകാരനായ ആളെ കടുവ ആക്രമിച്ചത്. ഇതിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ട്രാക്ടർ തട്ടിയെടുത്ത ശേഷം പത്തു വയസ്സു പ്രായമുള്ള പെൺകടുവയുടെ മുകളിലേക്ക് അത് ഓടിച്ചുകയറ്റി. വലിയ വടികൾ ഉപയോഗിച്ച് നാട്ടുകാർ കടുവയെ ക്രൂരമായി മർ‌ദ്ദിച്ചതായും വിവരമുണ്ട്. കടുവാ സങ്കേതത്തിന്റെ ബഫർ സോണിനോടു ചേർന്നാണു ഗ്രാമവാസികൾ താമസിക്കുന്നത്.

വനത്തിനുള്ളിലൂടെ ഗ്രാമത്തിലേക്കു പോകുകയായിരുന്ന മധ്യവയസ്കനെയാണു കടുവ ആക്രമിച്ചതെന്ന് ദുദ്‍വാ നാഷനൽ പാർക്ക് ഡയറക്ടർ മഹാവീർ കോജിലാങ്കി പറഞ്ഞു. കടുവയുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പത്തു വർഷത്തിൽ കടുവ ആരെയും ആക്രമിച്ചിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അടിവരയിടുന്നു. അതേസമയം കടുവാ ശല്യത്തെക്കുറിച്ചു പലകുറി വനംവകുപ്പിനോടു പരാതി ഉന്നയിച്ചിട്ടുള്ളതായി നാട്ടുകാരും അവകാശപ്പെട്ടു.

ആവണിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുൾപ്പെടെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരെ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.