ഷാജി കുരുങ്ങിയതു ലഘുലേഖയില്‍, അഴീക്കോട്ട് കാറ്റ് മാറി വീശുമോ?

കെ.എം.ഷാജി, എം.വി.നികേഷ് കുമാർ.

കണ്ണൂര്‍: ഇസ്‌ലാം മതവിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്നു ചൂണ്ടിക്കാട്ടി ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അഴീക്കോട് മണ്ഡലത്തിലെ എതിർ സ്ഥാനാർഥി എം.വി. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മുസ്‌ലിം ലീഗ് എംഎൽഎ കെ.എം. ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. 

നികേഷിനെതിരേ ലഘുലേഖകളുമായി 2016 മേയില്‍ മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിഹത്യ നടത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചു സിപിഎം പൊലീസിൽ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മതപരമായ പരാമര്‍ശങ്ങളുടെ പേരില്‍ കേസ് കോടതിയിലെത്തിയത്.

എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാര്‍ ഇടതു സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു അഴീക്കോട്. പതിറ്റാണ്ടുകളായി ഇടത്തേക്കു ചാഞ്ഞുനിന്ന മണ്ഡലത്തെ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയതു 2011-ല്‍ കെ.എം. ഷാജിയിലൂടെയാണ്. 2011-ല്‍ കെ.എം. ഷാജി 493 വോട്ടുകള്‍ക്കു വിജയിച്ച അഴീക്കോട് മണ്ഡലത്തില്‍ എം.വി.രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എംവി നികേഷ്‌കുമാറിനെയിറക്കിയാണ് ഇടതുപക്ഷം പോരാട്ടം കടുപ്പിച്ചത്.

അഴീക്കോടന്‍ തീരത്തെ പോരിന്റെ തിരയിളക്കം മണ്ഡലത്തിലെ കിണറുകളില്‍വരെയെത്തി. കിണറ്റിലിറങ്ങിയും കരയ്ക്കുനിന്നും സാമൂഹികമാധ്യമങ്ങളില്‍ ഇരുവരും ഏറ്റുമുട്ടി. പുനര്‍നിര്‍ണയത്തിലൂടെ യുഡിഎഫിനു മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ നികേഷിനു ലഭിക്കുന്ന രാഷ്ട്രീയേതര വോട്ടുകളിലായിരുന്നു ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഇതു ലഭിക്കാതെ വന്നതാണ് നികേഷിന്റെ പരാജയത്തിനിടയാക്കിയത്. മുൻ തിരഞ്ഞെടുപ്പിൽ നേടിയ 493 വോട്ടിന്റെ ഭൂരിപക്ഷം ഷാജി പിന്നിട്ട തിരഞ്ഞെടുപ്പിൽ 2287 ആക്കി ഉയര്‍ത്തി. 2006-ല്‍ ഇരവിപുരത്തെ തോല്‍വിക്കു ശേഷമാണ് ഷാജി അഴീക്കോട്ടെത്തി വെന്നിക്കൊടി പാറിച്ചത്. 

ചുവന്ന ചരിത്രവും രണ്ട് അട്ടിമറികളും 

ചുവപ്പായിരുന്നു അഴീക്കോടിന്റെ ചരിത്രം. ചടയന്‍ ഗോവിന്ദനും പി.ദേവൂട്ടിയും ടി.കെ.ബാലനും ഇ.പി.ജയരാജനും എം.പ്രകാശനുമെല്ലാം എല്‍ഡിഎഫിനായി അഴീക്കോട്ടു നിന്നു നിയമസഭയിലെത്തി. 1977ല്‍ തുടങ്ങുന്ന അഴീക്കോട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ അല്ലാതെ വിജയിച്ചത് രണ്ടുപേര്‍ മാത്രം; 1987ല്‍ എം.വി.രാഘവനും, 2011 ലും 2016 ലും കെ.എം.ഷാജിയും. 

2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പു യുഡിഎഫില്‍ ആര്‍ക്കും വേണ്ടാതിരുന്ന മണ്ഡലമായിരുന്നു അഴീക്കോട്. സിപിഎം വിട്ടു പുറത്തെത്തിയ എംവിആറിനു മത്സരിക്കാനായി മുസ്‌ലിം ലീഗിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലം 1987 ല്‍ വിട്ടുകൊടുത്തു. 1389 വോട്ടിന് ഇ.പി.ജയരാജനെ തോല്‍പിച്ച് എംവിആര്‍ ചരിത്രം തിരുത്തിയെങ്കിലും തൊട്ടടുത്ത തിരഞ്ഞെടുപ്പു മുതല്‍ സിഎംപി സ്ഥാനാര്‍ഥികള്‍ അഴീക്കോട്ട് പതിവായി മത്സരിച്ചു തോറ്റു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ കല്യാശ്ശേരി, ചെറുകുന്ന് തുടങ്ങിയ സിപിഎം പഞ്ചായത്തുകള്‍ കല്യാശ്ശേരി മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ പകരമെത്തിയത് യുഡിഎഫിന് മേല്‍ക്കൈയുള്ള പള്ളിക്കുന്നും പുഴാതിയും. 

അങ്ങനെ അഴീക്കോടുതീരത്ത് കാറ്റ് വലത്തേക്ക് വീശാന്‍ തുടങ്ങി. യുഡിഎഫില്‍ അഴീക്കോട് മണ്ഡലത്തിന് ആവശ്യക്കാരുണ്ടായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന കെ.എം.ഷാജി 483 വോട്ടുകള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പ്രകാശനെ പരാജയപ്പെടുത്തി അഴീക്കോട് മണ്ഡലം തിരിച്ചുപിടിച്ചു.