കലിഫോർണിയ വെടിവയ്പ്: ആക്രമണത്തിനിടെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് കൊലയാളി

കലിഫോർണിയയിലെ ബാറിൽ നടന്ന വെടിവയ്പ്പിനിടെ പരുക്കു പറ്റിയവർ (ഫയൽ ചിത്രം)

ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ തൗസന്റ് ഓക്സിൽ ബാറിൽ 12 പേരുടെ ജീവനെടുത്ത വെടിവയ്പിനിടെ തന്റെ മാനസികനിലയെപ്പറ്റി കൊലയാളി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്നു സൂചന. പോസ്റ്റ് വന്ന സമയം കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ നിഗമനത്തിലെത്തിയത്. ബുധനാഴ്ച രാത്രി നടന്ന വെടിവയ്പിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹമാധ്യമങ്ങള്‍ നീക്കം ചെയ്തിരുന്നു.

സ്വകാര്യതാ നയം ചൂണ്ടിക്കാട്ടി പോസ്റ്റിനെക്കുറിച്ചു കൂടുതൽ വ്യക്തമാക്കാൻ ഫെയ്സ്ബുക്കും തയാറായിട്ടില്ല. പോസ്റ്റിൽ എന്തായിരുന്നുവെന്ന് തനിക്കു വ്യക്തമല്ലെന്നും എന്നാൽ ആക്രമണം നടത്തുന്നതിനിടെയാകണം കൊലയാളി ഈ പോസ്റ്റിട്ടതെന്നാണ് അനുമാനമെന്നും വെന്‍റുറ കൗണ്ടി ഷെറീഫിന്‍റെ ക്യാപ്റ്റൻ വ്യക്തമാക്കി. മുൻ നാവിക ഉദ്യോഗസ്ഥന്‍ കൂടിയായ 28 കാരൻ ഇയാൻ ഡേവിഡ് ലോങ്ങാണ് വെടിയുതിർത്തതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ സ്വയം വെടിവച്ചു മരിച്ചിരുന്നു.

ലോങ്ങിനെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്താണെന്നു കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തന്‍റെ മുൻ കാമുകി ബാറിലുണ്ടെന്ന വിശ്വാസത്തിലാണോ ഇയാൾ ആക്രമണം നടത്തിയതെന്നു പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൈനികരിൽ കാണാറുള്ള കൃത്യതയോടെയാണ് ലോങ് ആക്രമണം അഴിച്ചുവിട്ടത്. ഇയാൾ നിറയൊഴിച്ചവരെല്ലാം കൊല്ലപ്പെട്ടു. പൊലീസുകാർ വളയുമെന്ന് ഉറപ്പായപ്പോൾ സ്വയം ജീവനൊടുക്കുകയായിരുന്നു.

ലോങ്ങിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഒരു മാനസികാരോഗ്യ വിദഗ്ധൻ ഇയാളെ ചികിത്സിക്കുകയും ചെയ്തിരുന്നു. അമ്മയോടൊപ്പം ലോങ് താമസിച്ചിരുന്ന വീട്ടിൽനിന്നു തുടര്‍ച്ചയായി മർദിക്കുന്നതിന്‍റെ ശബ്ദവും നിലവിളിയുമുയർന്നതിനെ തുടർന്ന് അയൽവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. എന്നാൽ മാനസിക നിലയിലുള്ള കുഴപ്പമാണോ ആക്രമണത്തിന് കാരണമെന്നു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.