സിബിഐ പോര്: കോഴ വാങ്ങിയെന്നു പറയുന്ന സമയം താൻ ലണ്ടനിലായിരുന്നെന്ന് അസ്താന

രാകേഷ് അസ്താന

ന്യൂഡൽഹി ∙ വിവാദ മാംസവ്യാപാരി മൊയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട കേസിലെ കോഴ ആരോപണം നിഷേധിച്ച് പുതിയ വാദങ്ങളുമായി സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന. ഖുറേഷിയുമായി ബന്ധപ്പെട്ട കേസിൽചോദ്യം ചെയ്യൽ ഒഴിവാക്കാനായി ഹൈദരാബാദിലെ ഒരു വ്യവസായിയിൽനിന്ന് ഇടനിലക്കാർ മുഖേന കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ ആ സമയത്ത് താൻ ലണ്ടനിലായിരുന്നുവെന്നാണ് കേന്ദ്ര വിജിലൻസ് കമ്മിഷണർ (സിവിസി) മുമ്പാകെ അസ്താന വാദിച്ചതെന്നാണ് സൂചന.

ഇടനിലക്കാരൻ ഡൽഹിയിലെ ഓഫിസിലെത്തി തന്നെ കണ്ടെന്ന ആരോപണവും അസ്താന നിഷേധിച്ചു. അസ്താനക്കെതിരെ കേസെടുത്തതിനെ തുടർന്ന് സിബിആയിൽ ഉടലെടുത്ത ചേരിപ്പോരിന് ഇതോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. സിബിഐ അന്വേഷണം നേരിടുന്ന വിവാദ വ്യവസായിയിൽനിന്നു പണം കൈപ്പറ്റിയത് സിബിഐ മേധാവി അലോക് വർമയാണെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷണർക്കു രേഖാമൂലം നൽകിയ പരാതിയിൽ അസ്താന നേരത്തെ ആരോപിച്ചിരുന്നു. തമ്മിൽത്തല്ല് വർധിച്ചതോടെ ഇരുവരോടും നിർബന്ധിത അവധിയിൽ പോകാൻ നേരത്തെ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.

അതേസമയം, അസ്താനയ്ക്കെതിരെ മൊഴി നൽകിയ ഹൈദരാബാദ് വ്യവസായി സതീഷ് സന തന്‍റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായാണ് സൂചന. സതീഷിൽനിന്നു പണം കൈപ്പറ്റിയെന്നായിരുന്നു ഇരു ഓഫിസർമാരും പരസ്പരം ഉന്നയിച്ച ആരോപണങ്ങളിൽ പറഞ്ഞിരുന്നത്. സഹോദരങ്ങളായ സോമേഷ്, മനോജ് പ്രസാദ് എന്നീ ഇടനിലക്കാരിലൂടെ സതീഷ് സനയിൽ നിന്നു മൂന്നു കോടി രൂപ കൈപ്പറ്റിയെന്നാണ് അസ്താനക്കെതിരെ സിബിഐ റജിസ്റ്റർ ചെയ്ത കേസ്. 2017 ഡിസംബർ 2നും 13നും ഇടയ്ക്കാണ് കോഴപ്പണം കൈമാറിയതെന്നാണ് സതീഷിന്‍റെ മൊഴിയിൽ പറയുന്നതെന്നും എന്നാൽ വിജയ് മല്യ കേസിലെ വാദവുമായി ബന്ധപ്പെട്ട് ഈ സമയം താൻ ലണ്ടനിലായിരുന്നുവെന്നുമാണ് അസ്താന സിവിസിയെ അറിയിച്ചിട്ടുള്ളത്. ഡിസംബർ മൂന്നിന് ഡൽഹി വിട്ട അസ്താന 15 വരെ ലണ്ടനിലുണ്ടായിരുന്നതായി ഈ സമയത്തെ വാർത്തകളും സ്ഥിരീകരിക്കുന്നുണ്ട്.

2017 ഡിസംബർ രണ്ടിന് ദുബായിൽ വച്ചാണ് ഇടനിലക്കാരുമായി താൻ കൂടിക്കാഴ്ച നടത്തിയതെന്നാണ് സതീഷിന്‍റെ മൊഴി. ഒരു സിബിഐ ഓഫിസറുടെ ഫോട്ടോ വാട്ട്സാപ്പിൽ കാണിച്ചു കൊടുത്ത ഇടനിലക്കാർ പിന്നീട് ഓഫിസറുമായി സംസാരിക്കാൻ തനിക്ക് അവസരം ഒരുക്കിയെന്നും ഈ സംഭാഷണത്തിലാണ് ഖുറേഷി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടാതിരിക്കാൻ അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നുമാണ് സതീഷ് പറഞ്ഞിട്ടുള്ളത്. പിന്നീട് ഇന്‍റർനെറ്റിൽ തിരഞ്ഞപ്പോഴാണ് ഫോട്ടായിൽ കണ്ട ഓഫിസർ അസ്താനയാണെന്ന് തിരിച്ചറിഞ്ഞതെന്നും മൊഴി വ്യക്തമാക്കുന്നു.

കോഴയുടെ ആദ്യ ഗഡുവായ ഒരു കോടി രൂപ ദുബായിൽ വച്ചും 1.95 കോടി രൂപ 2017 ഡിസംബർ 13 ന് ഡൽഹി പ്രസ് ക്ലബിൽ വച്ചുമാണ് കൈമാറിയതെന്നും സതീഷ് മൊഴി നൽകിയിരുന്നു. ഡിസംബർ 15 നോ 16 നോ സിബിഐ ഓഫിസിലെത്തിയ ഇടനിലക്കാരനായ സോമേഷ് പ്രസാദ് അസ്താനയെ നേരിൽ കണ്ടെന്നും കേസിൽ നടപടികളുണ്ടാകില്ലെന്ന് അസ്താന ഉറപ്പു നൽകുന്നത് തന്നെ കേൾപ്പിച്ചിരുന്നുവെന്നുമാണ് മൊഴി. ഈ മൊഴി പ്രധാന തെളിവായി കണക്കാക്കിയാണ് അസ്താനയ്ക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്.

കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സിവിസിക്കു സുപ്രീംകോടതി നൽകിയ സമയം ഞായറാഴ്ച അവസാനിക്കും. തിങ്കളാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.