പൈലറ്റ് തെറ്റായ ബട്ടൺ അമർത്തി; ഡൽഹി വിമാനത്താവളത്തിൽ ഹൈജാക്ക് പരിഭ്രാന്തി

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ പൈലറ്റ് അബദ്ധത്തിൽ എമർജൻസി ബട്ടൻ അമർത്തിയത് ഡൽഹി വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു പുറപ്പെടാനൊരുങ്ങിയ എരിയാന അഫ്ഗാൻ എയർലൈൻസിന്റെ യാത്രയാണ് പൈലറ്റിന്റെ അബദ്ധം മൂലം മണിക്കൂറുകളോളം വൈകിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണു സംഭവം.

ഒൻപതു ജീവനക്കാരും 124 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എഫ്ജി 312 വിമാനത്തിൽ നിന്നു പെട്ടെന്നു ‘ഹൈജാക്ക് അലാറം’ മുഴങ്ങുകയായിരുന്നു. ഉടൻതന്നെ വിമാനത്തെ ഐസൊലേഷൻ ബേയിലേക്കു തിരികെ വിളിച്ചു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ, ഭീകരവിരുദ്ധ സേന തുടങ്ങിയവർ അടിയന്തരമായി സ്ഥലത്തെത്തി. ഇതു വിമാനത്താവളത്തിലാകെ ആശങ്ക പടർത്തി. വിമാനറാഞ്ചൽ ഭീഷണിയെന്നറിഞ്ഞതോടെ എയർപ്പോർട്ട് ജീവനക്കാരും അൽപ്പനേരം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.

എന്നാൽ ക്യാപ്റ്റൻ അബദ്ധത്തിൽ ബട്ടൻ അമർത്തിയതാണെന്നു അറിഞ്ഞതോടെ ഭീതിയൊഴിഞ്ഞു. പിന്നീട് നിരവധി സുരക്ഷാ, കസ്റ്റംസ് പരിശോധനകൾക്കു ശേഷമാണ് വിമാനം പുറപ്പെട്ടത്.