വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്ഐ; ബിനീഷിനെ സൗഹാർദ പ്രതിനിധിയാക്കില്ല

ബിനീഷ് കോടിയേരി

കോഴിക്കോട്∙ വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ യുവതി നൽകിയ പീഡനപരാതിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ശബരിമല, മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും റിപ്പോർട്ടില്‍ പരാമർശങ്ങളില്ല.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ സൗഹാർദ പ്രതിനിധിയാക്കാനുള്ള നീക്കം സംഘടന തള്ളി. ബിനീഷിനെ സൗഹാർദ പ്രതിനിധി ആക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതി തീരുമാനമെടുത്തു. എം. സ്വരാജും എ.എൻ. ഷംസീറും ചേർന്നാണ് ബിനീഷിനെ സൗഹാർദ പ്രതിനിധി ആക്കാൻ തീരുമാനിച്ചത്. സംസ്ഥാന സമ്മേളനത്തിൽ ബിനീഷിനെ പങ്കെടുപ്പിക്കുന്നതിനായിരുന്നു നീക്കം. 

കായിക താരങ്ങളായ പി.യു.ചിത്ര, സി.കെ.വിനീത് എന്നിവർക്കൊപ്പം ബിനീഷിനെയും ഉൾപ്പെടുത്താനായിരുന്നു തീരുമാനം. നേരത്തേ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിത്വത്തിലേക്കുള്ള നിർദിഷ്ട പട്ടികയ്ക്കെതിരെ പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള ഫ്രാക്‌‍ഷൻ യോഗത്തിൽ ഏകപക്ഷീയമായാണു പട്ടിക തയാറാക്കിയതെന്നും മുതിർന്ന നേതാക്കളെ ഒഴിവാക്കിയെന്നുമാണു പരാതി. ചില നേതാക്കൾ പരാതിയുമായി സിപിഎം നേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്.