തലയില്ലാതെ സിബിഐ; മല്യയെയും ചോക്സിയെയും ഇനിയാര് കൂട്ടിലടയ്ക്കും?

ന്യൂഡൽഹി ∙ തലപ്പത്തെ പടലപ്പിണക്കത്തിൽ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻ‌സി നാഥനില്ലാ കളരിയായതോടെ പ്രധാനപ്പെട്ട കേസുകളെല്ലാം വഴിമുട്ടി. വിവാദ വ്യവസായി വിജയ് മല്യയെ തിരികെ കൊണ്ടുവരുന്നതടക്കമുള്ള കേസുകളിൽ സിബിഐയിലെ തമ്മിൽത്തല്ല് തിരിച്ചടിയാകുമെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനില്‍നിന്നു വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കുന്നതു സംബന്ധിച്ചു ഡിസംബർ 10ന് ലണ്ടനിലെ കോടതിയാണു തീരുമാനമെടുക്കുക. സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ കേന്ദ്ര സർക്കാർ നിർബന്ധിത അവധി എടുപ്പിച്ചിരിക്കുകയാണ്. അതിനാൽ കേസിൽ സിബിഐയെ പ്രതിനിധീകരിച്ച് ആരാണു കോടതിയിൽ ഹാജരാവുക എന്നതു തീരുമാനമായിട്ടില്ല.

ശതകോടികളുടെ വായ്പാതട്ടിപ്പു നടത്തി മുങ്ങിയ മറ്റൊരു വ്യവസായി മെഹുൽ ചോക്സി ഉൾപ്പെടെയുള്ളവരെ ഇന്ത്യയിൽ എത്തിക്കുന്നതു സംബന്ധിച്ച കേസുകളിലും സിബിഐയുടെ നടപടി എന്താണെന്നു സൂചനയില്ല. സാഹചര്യം മോശമായിരിക്കെ മിക്ക കേസുകളിലും തീരുമാനങ്ങളോ നടപടികളോ എടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ തയാറാവുന്നില്ല. ഫയലി‍ൽ ഒന്നും കുറിക്കാത്തതിനാൽ കേസുകളുടെ അന്വേഷണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

ലണ്ടനിലുള്ള വിജയ് മല്യയെപ്പോലെ ആന്റിഗ്വയിലുള്ള മെഹുൽ ചോക്സിയും ഇന്ത്യയിലെ ജയിലുകൾ പരിതാപകരമാണെന്നു ചൂണ്ടിക്കാട്ടിയാണു തിരിച്ചെത്തിക്കലിനെ പ്രതിരോധിക്കുന്നത്. ഇതുസംബന്ധിച്ചു ഇന്റർപോൾ വ്യക്തത തേടിയെങ്കിലും സിബിഐ പ്രതികരിച്ചില്ലെന്നു പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. ചോക്സിയുമായി അടുപ്പമുള്ള മറ്റൊരു വ്യവസായ തട്ടിപ്പുകാരൻ ദീപക് കുൽക്കർണിയെ ആന്റിഗ്വയിൽനിന്ന് ഇന്ത്യയിലേക്കു കൈമാറുന്നതിലും അനിശ്ചിതത്വമാണ്. 14നാണ് ഈ കേസ് വാദം കേൾക്കുന്നത്.

സുപ്രധാനമായ പല കേസുകളിലും തീരുമാനങ്ങളും അനുമതികളും തടസ്സപ്പെട്ടിരിക്കുകയാണ്. മുസഫർ നഗറിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിലെ കുട്ടികളെ ലൈംഗിക ചൂഷണം നടത്തി കൊല ചെയ്തെന്ന കേസിലും അന്വേഷണ പുരോഗതിയില്ല. കേസുകൾ റജിസ്റ്റർ ചെയ്യുന്നതിലും വലിയ ഇടിവുണ്ടായി. ഒക്ടോബർ 22നു ശേഷം 7 ചെറിയ കേസുകൾ മാത്രമാണ് സിബിഐ എടുത്തിട്ടുള്ളത്. സാധാരണയായി ഓരോ മാസവും ശരാശരി 36 കേസുകൾ റജിസ്റ്റർ ചെയ്യുന്ന സ്ഥാനത്താണിത്.

ഇന്ത്യയിലെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നായപ്പോൾ തിരിച്ചുവരാന്‍ വിജയ് മല്യ സന്നദ്ധത അറിയിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു. നിലവില്‍ ബ്രിട്ടനില്‍നിന്നു നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരേ നിയമപോരാട്ടത്തിലാണ് മല്യ.

5000 കോടി വായ്പയെടുത്ത് നൈജീരിയയ്ക്കു കടന്ന വഡോദരയിലെ സ്റ്റെർലിങ് ബയോടെക് എന്ന ഔഷധനിർമാണ കമ്പനിയുടമ നിതിൻ സന്ദേസര, പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 13,000 കോടിയിലേറെ രൂപയുടെ തിരിമറി നടത്തി ഇന്ത്യ വിട്ട വജ്രവ്യവസായി നീരവ് മോദി, അമ്മാവൻ മെഹുൾ ചോക്സി, 9000 കോടിയിലേറെ രൂപയുടെ കടബാധ്യതയുമായി ലണ്ടനിലേക്കു കടന്ന വിജയ് മല്യ, 6800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മുംബൈയിലെ വിൻസം ഡയമണ്ട് ആൻഡ് ജ്വല്ലറി ഉടമ ജതിൻ മേത്ത, ഐപിഎൽ മുൻ മേധാവി ലളിത് മോദി, എബിസി കോട്സ്പിൻ ഉടമ ആശിശ് ജോബൻപുത്ര, കള്ളപ്പണം വെളുപ്പിക്കൽ കേസിൽപ്പെട്ട റിതേഷ് ജയ്ൻ തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ മുഖ്യപങ്ക് വഹിക്കേണ്ടത് സിബിഐ ആണ്.