സ്വന്തമായി കാറില്ല, കർഷകനാണ്; പക്ഷെ കെസിആറിന് സ്വത്ത് 20 കോടി

കെ.ചന്ദ്രശേഖർ റാവു

ഹൈദരാബാദ്∙ സ്വന്തമായി കാറില്ലെങ്കിലും തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവുവിന് 20.60 കോടിയുടെ സ്വത്തുണ്ട്. 12.20 കോടിയുടെ സ്ഥാവര സ്വത്തും 10.40 കോടിയുടെ ജംഗമ സ്വത്തും. ഇതിൽ 6.50 കോടി മൂല്യമുള്ള 54 ഏക്കർ കൃഷിസ്ഥലവും ഉൾപ്പെടും. 2014ലെ തിരഞ്ഞെടുപ്പിൽ 16.94 കോടിയായിരുന്നു കെസിആറിന്റെ സ്വത്ത്. 2012–13 കാലത്തെ സമ്പാദ്യം 6.59 ലക്ഷവും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗജ്‍‌വേൽ മണ്ഡലത്തിലെ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് കെസിആറിന്റെ സ്വത്തുവിവരങ്ങൾ പുറത്തുവന്നത്.

ഭാര്യ കെ.ശോഭയുടെ കൈവശം 94.5 ലക്ഷമുണ്ട്. സജീവ രാഷ്ട്രീയക്കാരനും നിലവിൽ മുഖ്യമന്ത്രിയുമാണെങ്കിലും പ്രഫഷനായി കെസിആർ  കൃഷിയാണു രേഖപ്പെടുത്തിയിട്ടുള്ളത്. കൃഷിയിൽനിന്നുള്ള 91.52 ലക്ഷം ഉൾപ്പെടെ 2017–18 വർഷത്തെ സമ്പാദ്യം 2.07 കോടി. തെലങ്കാന ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിൽ 4.71 കോടിയും ബാങ്കുകളിൽ 5.63 കോടിയും നിക്ഷേപമുണ്ട്. ഹൈദരാബാദിലും കരിംനഗറിലുമായി 2 വസതികൾ– മൂല്യം 5.10 കോടി. സിദ്ദിപ്പേട്ടിൽ 60 ലക്ഷം രൂപ മതിപ്പുള്ള 2.04 ഏക്കർ ഭൂമിയുണ്ട്.