സിവിസി റിപ്പോർട്ട്: ആലോക് വർമ തിങ്കളാഴ്ച മറുപടി നൽകണമെന്ന് സുപ്രീംകോടതി

ആലോക് വർമ

ന്യൂഡ‍ൽഹി∙ സിബിഐ തലപ്പത്തെ ഉൾപ്പോരിനെപ്പറ്റി സെൻട്രൽ വിജിലൻസ് കമ്മിഷന്റെ (സിവിസി) അന്വേഷണ റിപ്പോർട്ട് സിബിഐ ഡയറക്ടർ ആലോക് വർമയ്ക്കു മുദ്രവച്ച കവറിൽ നൽകണമെന്നു സുപ്രീംകോടതി. തിങ്കളാഴ്ചയ്ക്കകം മുദ്രവച്ച കവറിൽ തന്നെ ആലോക് വർമ മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർക്കും റിപ്പോർട്ടിന്റെ പകർപ്പു ലഭ്യമാക്കണമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ആലോക് വർമയ്ക്കെതിരായ അന്വേഷണത്തിനു സിവിസി കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്. അതേസമയം, ആലോകിനെതിരെ സിവിസിയിൽ പരാതി നൽകിയ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കു റിപ്പോർട്ടിന്റെ പകർപ്പു കൈമാറാൻ കോടതി വിസമ്മതിച്ചു.