തെലങ്കാന: കോൺഗ്രസ് മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്; പത്രികാ സമർപ്പണം തുടരുന്നു

ഹൈദരാബാദ്∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി. മുൻ സംസ്ഥാന അധ്യക്ഷനും അവിഭക്ത ആന്ധ്രപ്രദേശിൽ മന്ത്രിയുമായിരുന്ന പൊന്നല ലക്ഷ്മയ്യ ഉൾപ്പെടെ 13 പേരുടെ പട്ടികയാണു പുറത്തുവിട്ടത്. ഇതോടെ ആകെ 88 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. ആദ്യ പട്ടികയിൽ 65 സ്ഥാനാർഥികളെയും രണ്ടാം പട്ടികയിൽ 10 സ്ഥാനാർഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

119 അംഗ നിയമസഭയിൽ, പ്രതിപക്ഷസഖ്യത്തിനു (മഹാകൂടമി) നേതൃത്വം നൽകുന്ന കോൺഗ്രസ് 94 സീറ്റുകളിൽ മൽസരിക്കുമെന്നാണു ധാരണ. ടിഡിപി–14, സിപിഐ–മൂന്ന്, തെലങ്കാന ജനസമിതി (ടിജെഎസ്)–എട്ട് എന്നിങ്ങനെയാണു മറ്റു കക്ഷികൾക്കായി കോൺഗ്രസ് മാറ്റിവച്ച സീറ്റുകൾ. ടിജെഎസിനു നൽകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്ന ജൻഗോൺ മണ്ഡലത്തിലാണ് പൊന്നല ലക്ഷ്മയ്യ മൽസരിക്കുന്നത്. മുൻ മന്ത്രി സോയം ബാപ്പു റാവു, മുൻ എംഎൽഎ ഡി. സുധീർ റെഡ്ഡി എന്നിവരാണു പട്ടികയിലുള്ള മറ്റു പ്രമുഖർ. ഏഴു പേരടങ്ങുന്ന നാലാം സ്ഥാനാർഥി പട്ടിക ബിജെപിയും പുറത്തുവിട്ടു.

നിയമസഭയിലേക്ക് ഒറ്റയ്ക്കു മൽസരിക്കുന്ന ബിജെപി ഇതുവരെ ആകെ 95 സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, വിവിധ പാർട്ടികളുടെ പ്രമുഖ നേതാക്കൾ ഇന്നു നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി (ഹുസൂർനഗർ മണ്ഡലം), എംഐഎം നേതാവ് അക്ബറുദ്ദീൻ ഉവൈസി (ചന്ദ്രയാൻഗുട്ട), ബിജെപി നേതാവ് ജി. കിഷൻ റെഡ്ഡി (അമ്പർപേട്ട്) തുടങ്ങിയ പ്രമുഖർ ഇന്നു പത്രിക സമർപ്പിച്ചു.

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്കു സിനിമയിലെ ചക്രവർത്തിയുമായിരുന്ന എൻ.ടി. രാമറാവുവിന്റെ (എൻടിആർ) കൊച്ചുമകൾ എൻ. സുഹാസിനിയും ഇന്നു പത്രിക സമർപ്പിച്ചു. കുകത്പള്ളി മണ്ഡലത്തിലാണ് സുഹാസിനി മൽസരിക്കുന്നത്. അടുത്തിടെ കാറപകടത്തിൽ മരിച്ച ചലച്ചിത്രനടനും തെലുങ്കുദേശം പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന നന്ദമൂരി ഹരികൃഷ്ണയുടെ മകളാണ്. നവംബർ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.