പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തു നിറച്ച പെട്ടി; മഹാരാഷ്ട്രയിൽ മരണം 6

പുൽഗാവിൽ സ്ഫോടനമുണ്ടായ സൈനിക കേന്ദ്രത്തിനു സമീപം നാട്ടുകാര്‍. ചിത്രം: എഎൻഐ

പുൽഗാവ്∙ മഹാരാഷ്ട്രയിൽ സൈനിക കേന്ദ്രത്തിലെ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. 10 പേർക്കു പരുക്കേറ്റു. വാർധ ദില്ലയിൽ പുൽഗാവിലെ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്കു(സിഎഡി) സമീപമായിരുന്നു ചൊവ്വാഴ്ച രാവിലെ ഏഴേകാലോടെ സ്ഫോടനം. കേന്ദ്രത്തിലേക്കു സ്ഫോടക വസ്തുക്കൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കരാർ തൊഴിലാളികളായ 10–15 പേർ സ്ഥലത്തുണ്ടായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു സ്ഫോടനം. വാഹനത്തിൽ നിന്നു സ്ഫോടകവസ്തുക്കൾ ഇറക്കുന്നതിനിടെ പെട്ടികളിലൊരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. നാലു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേർ ആശുപത്രിയിൽ വച്ചാണു മരണത്തിനു കീഴടങ്ങിയത്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ആറു പേർ അപകടാവസ്ഥ തരണം ചെയ്തു.

ഡിപ്പോയ്ക്കു സമീപത്തെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണു സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണു വിവരം. ഇതിന് ഒരു കമ്പനിക്കു കരാർ നൽകിയിരുന്നു. കരാറുകാരിലൊരാളും മരിച്ചു. ഏതു സാഹചര്യത്തിലാണു സ്ഫോടനമുണ്ടായതെന്നു പരിശോധിക്കുമെന്നു പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടു വർഷം മുൻപ് പുൽഗാവിലെ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിച്ചിരുന്നു.