‘ആ വിഡ്ഢികൾ കാശുവാങ്ങി, ലാദനെപ്പറ്റി മിണ്ടിയില്ല’: പാക്കിസ്ഥാനെതിരെ ട്രംപ്, പ്രതിഷേധം

ഡോണൾഡ് ട്രംപ്, ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ് ∙ ഭീകരവാദം അമർച്ച ചെയ്യുന്നതിൽ പാക്കിസ്ഥാനെക്കൊണ്ട് ഒരു ഉപകാരവുമില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനെതിരെ, ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തിൽ പാക്കിസ്ഥാനെപ്പോലെ സഹായിച്ച സഖ്യരാജ്യങ്ങൾ വളരെ ചുരുക്കമേ ഉണ്ടാവുകയുള്ളൂവെന്ന മറുപടിയുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായതോടെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ പ്രതിഷേധവും അറിയിച്ചു. ഇതോടെ, പുകഞ്ഞു കൊണ്ടിരുന്ന യുഎസ്–പാക്ക് ബന്ധം കൂടുതൽ വഷളായി.

യുഎസ് നയതന്ത്ര പ്രതിനിധി പോൾ ജോൺസിനെയാണ് പാക്ക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധം അറിയിച്ചത്. ട്രംപിന്റേത് ന്യായീകരിക്കാനാകാത്തതും അവ്യക്തവുമായ ആരോപണങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയം പിന്നീടു പ്രസ്താവനയിലും വ്യക്തമാക്കി.

കോടിക്കണക്കിനു ഡോളർ സഹായം നൽകിയിട്ടും യുഎസിനെ സഹായിക്കാൻ യാതൊന്നും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് ഒരു അഭിമുഖത്തിലാണു ട്രംപ് വ്യക്തമാക്കിയത്. 2011 ൽ ബിൻ ലാദനെ യുഎസ് വകവരുത്തുന്നതിനു മുൻപുതന്നെ ലാദന്റെ ഒളിയിടത്തെപ്പറ്റി പാക്ക് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നു. കോടിക്കണക്കിനു ഡോളർ നൽകിയിട്ടും അവർ ലാദനെപ്പറ്റി ഒരു വിവരവും പങ്കുവച്ചില്ല.

തിരികെ യാതൊന്നും നൽകാതെ യുഎസിന്റെ സഹായം മാത്രം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാനെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇതോടൊപ്പം ‘വിഡ്ഢികൾ’ എന്നും ട്വീറ്റിൽ ചേർത്തതാണു പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. എന്നാൽ ബിൻ ലാദൻ എവിടെയാണെന്നതു സംബന്ധിച്ച ആദ്യ സൂചനകൾ നൽകിയത് പാക്ക് ഇന്റലിജൻസാണെന്നു വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. പാക്കിസ്ഥാനെപ്പറ്റി വായിൽത്തോന്നിയതു വിളിച്ചു പറയുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാനുള്ള എല്ലാ സഹായവും എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന സൂചനയും ട്രംപ് ട്വീറ്റിൽ നൽകിയിരുന്നു.

കുടിയേറ്റം: ട്രംപിനു തിരിച്ചടിയായി വിധി

യുഎസിലേക്ക് അനധികൃതമായി വരുന്ന കുടിയേറ്റക്കാർക്ക് അഭയസ്ഥാനം ഒരുക്കില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനു തിരിച്ചടി. ഇതു സംബന്ധിച്ച് ട്രംപ് ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനം കോടതി തടഞ്ഞു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോൺ ടിഗാറാണ് ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി തടഞ്ഞത്.

ദേശീയ സുരക്ഷയുടെ പേരു പറഞ്ഞാണ് ട്രംപ് യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് തടഞ്ഞുള്ള വിജ്ഞാപനം നവംബർ ആദ്യം പുറപ്പെടുവിച്ചത്. കുടിയേറ്റക്കാരുമായി മെക്സിക്കോയിലൂടെ യുഎസ് അതിർത്തി കടക്കാനെത്തുന്ന ‘കാരവൻ’ സംഘത്തെ തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ നീക്കം.