ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, എല്ലാം പാർട്ടി തീരുമാനിക്കട്ടെ: സുഷമ സ്വരാജ്

സുഷമ സ്വരാജ്

ന്യൂഡൽഹി∙ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി മുതിർന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു മത്സരത്തിൽനിന്നു പിന്മാറുന്നതെന്നും മധ്യപ്രദേശിൽ വാർത്താസമ്മേളനത്തിനിടെ സുഷമ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണു മന്ത്രി ഇവിടെയെത്തിയത്.

‘അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു ഞാൻ തീരുമാനിച്ചതാണ്. ഇക്കാര്യത്തിൽ പാർട്ടി വേണം അന്തിമ തീരുമാനമെടുക്കാൻ...’ – മധ്യപ്രദേശിലെ വിദിഷയിൽ നിന്നുള്ള എംപി കൂടിയായ സുഷമ പറഞ്ഞു.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് 2016ൽ മാസങ്ങളോളം സുഷമ സ്വരാജ് വിശ്രമത്തിലായിരുന്നു.