കോഴിക്കോട് സിപിഎം–ബിജെപി സംഘർഷം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റു

കോഴിക്കോട്∙ ജില്ലയിൽ പലയിടത്തും സിപിഎം–ബിജെപി സംഘർഷം തുടരുന്നു. പേരാമ്പ്രയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റു. കല്ലോട് ശ്രീകലയിൽ സിദ്ധാർഥിനു(23) നേരെ ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതിനുശേഷമാണു വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കല്ലോട് ഹർത്താൽ. സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന്റെ കുടുംബത്തെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ കഴിഞ്ഞദിവസം ഒരുസംഘം അടിച്ചുതകര്‍ത്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണമെന്നാണു സൂചന. 

കുറ്റ്യാടിയിൽ വിലങ്ങോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കാഞ്ഞിരപ്പാറക്കൽ ഗിരീശന്റെ വീടിനു നേരെ ബോംബേറ്. ജനൽച്ചില്ലുകൾ തകർന്നു. നാദാപുരം വളയത്ത് വണ്ണാർകണ്ടിയിൽ സിപിഎം ഓഫിസിനും വായനശാലയ്ക്കും നേരെ അക്രമം. കഴിഞ്ഞ ദിവസം ചിലയിടത്ത് ബിജെപി പ്രവർത്തകരുടെ വീടിനു നേരെ അക്രമമുണ്ടായിരുന്നു.