വീട്ടിനുളളിൽ വെടിയുണ്ട, വന്നത് എസ്എൽആർ തോക്കില്‍നിന്ന്; റിപ്പോര്‍ട്ട് തേടി പൊലീസ്

വെടിയുണ്ട തുളച്ചുകയറിയ അജിത്തിന്റെ വീട്ടിൽ മലയിൻകീഴ് പൊലീസും ബാലിസ്റ്റിക് വിഭാഗവും പരിശോധന നടത്തുന്നു. കരസേനാ ഉദ്യോഗസ്ഥരെയും കാണാം. സമീപമുള്ള ജനൽച്ചില്ലു തകർത്താണ് വെടിയുണ്ട മുറിക്കുള്ളിൽ എത്തിയത്.

തിരുവനന്തപുരം∙ മലയിന്‍കീഴ് വിളവൂര്‍ക്കലില്‍ വീടിന്റെ ജനല്‍പാളി തകര്‍ത്ത് വെടിയുണ്ടയെത്തിയത് സൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന എസ്എല്‍ആര്‍( സെല്‍ഫ് ലോഡഡ് റൈഫിൾ‍) തോക്കില്‍നിന്നാണെന്ന് ബാലസ്റ്റിക് വിദഗ്ധര്‍.

തൊട്ടടുത്തുള്ള മൂക്കുന്നിമലയില്‍ സേനാ വിഭാഗങ്ങള്‍ വെടിവെയ്പ്പ് പരിശീലനം നടത്തുന്ന ഫയറിങ് സ്റ്റേഷനില്‍ നിന്നാണ് വെടിയുണ്ടയെത്തിയതെന്ന നിഗമനത്തിലാണ് മലയിന്‍കീഴ് പൊലീസ്.

ഏതു സേനാവിഭാഗം പരിശീലനം നടത്തിയപ്പോഴാണ് വെടിയുണ്ട വീട്ടിലെത്തിയതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫയറിങ് സ്റ്റേഷനില്‍ പരിശീലനം നടത്തുന്ന എല്ലാ സേനാവിഭാഗങ്ങളോടും പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിളവൂർക്കൽ പൊറ്റയിൽ കാവടിവിള ശിവോദയത്തിൽ അജിത്തിന്റെ വീടിനുള്ളിൽനിന്നാണു വെടിയുണ്ട കിട്ടിയത്.

കഴിഞ്ഞ 13 മുതൽ അജിത്തും ഭാര്യ നീതുവും കുഞ്ഞിന്റെ അസുഖത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു. 17ാം തീയതി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജനല്‍പാളിയുടെ ചില്ല് തകര്‍ന്നു കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്ന് വെടിയുണ്ട കിട്ടിയത്. 

അജിത്തിന്റെ വീട്ടിലെ ജനൽച്ചില്ല് തകർത്ത വെടിയുണ്ട.

വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് എസ്എല്‍ആര്‍ തോക്കില്‍നിന്നുള്ള വെടിയുണ്ട പരമാവധി സഞ്ചരിക്കുന്നത്.

ദൂരംകൂടുന്തോറും പ്രഹരശേഷി കുറയും. സംഭവം നടന്ന വീടും ഫയറിങ് സ്റ്റേഷനും തമ്മില്‍ ആറു കിലോമീറ്ററോളം ദൂരമുണ്ട്. എന്നാല്‍ വ്യോമപരിധി 2.9 കിലോമീറ്ററാണെന്നാണ് ബാലസ്റ്റിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

കരസേനയുടെ നിയന്ത്രണത്തിലുള്ള ഫയറിങ് സ്റ്റേഷനില്‍ വിവിധ സേനാവിഭാഗങ്ങള്‍ പരിശീലനം നടത്തുന്നുണ്ട്. 10 ഡിഗ്രി ആംഗിളിലാണ് സേന വെടിവയ്പ്പ് പരിശീലിക്കുന്നത്. 45 ഡിഗ്രിക്ക് പുറത്തായാലേ വെടിയുണ്ട പുറത്തേക്ക് പോകൂ.

പരിശീലനത്തിനിടെ ആര്‍ക്കോ അബദ്ധം സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍. നവംബർ 15 മുതല്‍ 18 വരെ സിആര്‍പിഎഫാണ് പരിശീലനം നടത്തിയത്. അവിടെനിന്നാകും വെടിയുണ്ട വന്നതെന്ന് പൊലീസ് പറയുന്നു. ഫയറിങ് റേഞ്ചില്‍ സേന ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

വയറ്റില്‍ വെടിയേറ്റ ഓമന

വീട്ടുമുറ്റത്തു നിൽക്കുന്ന ഓമന. നാലുവർഷങ്ങൾക്കു മുൻപ് ഇതേ സ്ഥലത്തു നിൽക്കുമ്പോഴാണ് ഫയറിങ് സ്റ്റേഷനിൽ നിന്നുള്ള വെടിയുണ്ട ഇവരുടെ ശരീരത്തിൽ പതിച്ചത്.

ഫയറിങ് സ്റ്റേഷനില്‍നിന്ന് വീടുകളെ തേടി വെടിയുണ്ടയെത്തുന്നത് ആദ്യമായല്ല. നാലു വർഷം മുൻപു മാർച്ചിലെ ഒരു പ്രഭാതത്തിൽ വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണു വിളവൂർക്കൽ മലയം പുകവലിയൂർക്കോണം ഗ്രീൻകോട്ടേജിൽ ഓമനയുടെ(62) വയറ്റിൽ വെടിയുണ്ട തട്ടി തെറിച്ചത്. അന്ന് ഓമനയ്ക്കു വയറ്റിൽ സാരമായ മുറിവുപറ്റി.

കല്ലു കൊണ്ടതാകാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ മുറ്റത്തു നിന്നു ചോര പറ്റിയ വെടിയുണ്ട കിട്ടിയപ്പോൾ ഭയന്നു. സർവകലാശാലാ മുൻ ജീവനക്കാരനായ ഭർത്താവ് രവീന്ദ്രൻ  ഓമനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുണ്ട കൊണ്ടതാണെന്നു സ്ഥിരീകരിച്ച ആശുപത്രി അധികൃതർ കാര്യം പൊലീസിനെ അറിയിക്കാൻ നിർദേശിച്ചു.

കരസേനയിലെ പല ഉയർന്ന ഉദ്യോഗസ്ഥരും എത്തി വീട്ടുകാരെ കണ്ടു. പക്ഷേ നടപടിയുണ്ടായില്ല. കേസുമായി മുന്നോട്ടു പോകുന്നതിൽ പൊലീസ് കാലതാമസം വരുത്തി. ഓമന ചികിൽസയിലായതിനാൽ വീട്ടുകാരും അതിനു പിന്നാലെ പോയില്ല. 

സംഭവം ഉണ്ടായി രണ്ടുമാസം കഴിഞ്ഞു ചില സേനാ ഉദ്യോഗസ്ഥർ വീണ്ടും എത്തി. കോടതിയിൽ കൊടുക്കാനെന്നു പറഞ്ഞു ചില പേപ്പറുകളിൽ ഓമനയെക്കൊണ്ട് ഒപ്പിടുവിച്ചശേഷം അവർ മടങ്ങി. അതിനുശേഷം ആ കേസ് പുറംലോകം കണ്ടില്ല. 

2015 മേയ് ഒൻപതിനു മൂക്കുന്നിമല ആർമി ഫയറിങ് സ്റ്റേഷനിൽനിന്നുള്ള വെടിയുണ്ട വിളവൂർക്കൽ സിന്ധുഭവനിൽ രാമസ്വാമിയുടെ വീട്ടിൽ തുളച്ചു കയറിയ സംഭവം മനോരമ വാർത്തയാക്കിയപ്പോൾ

2015 മേയ് ഒൻപതിനു മൂക്കുന്നിമല ആർമി ഫയറിങ് സ്റ്റേഷനിൽനിന്നുള്ള വെടിയുണ്ട വിളവൂർക്കൽ സിന്ധുഭവനിൽ രാമസ്വാമിയുടെ വീട്ടിൽ തുളച്ചു കയറിയിരുന്നു.