കോഴിക്കോട് മരിച്ച റേഡിയോളജിസ്റ്റ് സുധയ്ക്കു നിപ ബാധിച്ചിരുന്നതായി കുടുംബം

കോഴിക്കോട് ∙ സംസ്ഥാനത്തെ നിപ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രാജ്യാന്തര പഠന റിപ്പോര്‍ട്ട് വിവാദമാകുന്നു. കോഴിക്കോട് മരിച്ച റേഡിയോളജി അസിസ്റ്റന്റ് സുധയ്ക്കു നിപ ബാധിച്ചിരുന്നതായി കുടുംബം അവകാശപ്പെട്ടു.

മരണസമയത്തു തന്നെ ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്നു സുധയുടെ ഭര്‍ത്താവ് പറഞ്ഞു. മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതു പരിശോധിക്കാന്‍ കൂട്ടാക്കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എക്‌സ്‌റെ അസിസ്റ്റന്റായ സുധ നിപ ബാധിതനെ പരിചരിച്ചിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. 

സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 21 ആണെന്നു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രോഗം ബാധിച്ച് ആദ്യം മരിച്ച ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്സ് ലിനിയല്ല കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 20-നാണു ലിനി മരിച്ചത്. എന്നാല്‍ 19-ന് റേഡിയോളജി അസിസ്റ്റന്റ് മരിച്ചുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സുധയുടെ മരണം സംബന്ധിച്ച സംശയം ഉന്നയിച്ചു കുടുംബം രംഗത്തെത്തിയിരിക്കുന്നത്.