റഫാല്‍ വിമാന ഇടപാട്: അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫ്രാന്‍സിലും പരാതി

ന്യൂഡല്‍ഹി ∙ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഒപ്പിട്ട റഫാല്‍ കരാര്‍ സംബന്ധിച്ച ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് സന്നദ്ധ സംഘടന ഫ്രാന്‍സിലെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കു പരാതി നല്‍കി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാട്ടം നടത്തുന്ന ഷെര്‍പ്പയെന്ന സംഘടനയാണ് പരാതി നല്‍കിയത്. 36 റഫാല്‍ ജെറ്റ് വിമാനങ്ങള്‍ ഇന്ത്യക്കു നല്‍കാനുള്ള കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഡാസോ ഏവിയേഷന്‍ ഓഫ്‌സെറ്റ് പങ്കാളിയാക്കിയതിനെക്കുറിച്ചും വ്യക്തത വരുത്തണമെന്നാണു ഷെര്‍പ്പ ആവശ്യപ്പെട്ടിരിക്കുന്നത്. 

റഫാല്‍ ഇടപാടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരദുര്‍വിനിയോഗം നടത്തിയതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതി സമര്‍പ്പിച്ചതെന്നു ഷെര്‍പ്പ അറിയിച്ചു.

കരാര്‍ സംബന്ധിച്ച് അഴിമതി നടന്നിട്ടുണ്ടോ, ആര്‍ക്കെങ്കിലും അനര്‍ഹമായ നേട്ടം ലഭിച്ചിട്ടുണ്ടോ, സമ്മര്‍ദങ്ങള്‍ക്കു വഴിപ്പെട്ടാണോ കരാര്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. റഫാല്‍ കരാര്‍ ഇന്ത്യയില്‍ ശക്തമായ രാഷ്ട്രീയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിതുറന്നതിനു പിന്നാലെയാണ് ഫ്രാന്‍സിലും പരാതി ഉയര്‍ന്നിരിക്കുന്നത്.