ജോൺ ചൗവിന്റെ മൃതദേഹം ഒരിക്കലും വീണ്ടെടുക്കാനാവില്ലേ? ആശങ്കയോടെ ലോകം

ജോൺ അലൻ ചൗ

പോർട്ട് ബ്ലെയർ ∙ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മ‍ൃതദേഹം ഒരിക്കലും വീണ്ടെടുക്കാൻ സാധിക്കില്ലെന്നു വിദഗ്ധരുടെ അഭിപ്രായം. ദ്വീപ് നിവാസികൾക്കെതിരെ നിയമപരമായി നീങ്ങാൻ സാധിക്കാത്തതാണ് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

അസാധാരണമായ ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും കഴിയുന്ന സെന്റിനലി ഗോത്രക്കാരുടെ ഇടയിലേക്ക് ചൗ അതിക്രമിച്ചു കടക്കുകയായിരുന്നു. ലോകത്തിൽ തന്നെ ഏറ്റവും സംരക്ഷിത വിഭാഗങ്ങളിൽ ഒന്നായ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അലൻ ചൗ മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസിനോ മറ്റു സേനാ വിഭാഗങ്ങൾക്കോ സാധിച്ചിട്ടില്ല. ചെറുവള്ളത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ദ്വീപിൽ എത്തിയെങ്കിലും നിവാസികളുടെ പ്രതികരണത്തെക്കുറിച്ച് ധാരണയില്ലാത്തതിനാൽ തിരികെപോരുകയായിരുന്നു.

ദ്വീപ് നിവാസികള്‍ക്ക് ഒരുതരത്തിലുള്ള ശല്യമോ മറ്റു വിഷമങ്ങളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ അവിടെയെത്തിയതെന്ന് അധികൃതർ പറഞ്ഞു. 21–ാം നൂറ്റാണ്ടിലെ മനുഷ്യരുടെ ചെറിയ രോഗങ്ങള്‍ പോലും ഇവരുടെ ജീവനു ഭീഷണിയായേക്കാമെന്നും അവർ പറഞ്ഞു.

വിവിധ അഭിപ്രായങ്ങൾ

െസന്റിനൽ ദ്വീപിൽനിന്നു ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കുന്നത് നിഷ്ഫലമായ പ്രവ‌‌​ൃത്തിയായിരിക്കുമെന്ന് ആദിവാസി അവകാശ വിദഗ്ധനും എഴുത്തുകാരനുമായ പങ്കജ് സേക്സരിയ അഭിപ്രായപ്പെട്ടു. പുറത്തുനിന്ന് ആളുകൾ അവിടെയെത്തുന്നത് ദ്വീപിലുള്ള വിവിധ ഗോത്രവർഗക്കാരുടെ ഇടയിൽ ഭിന്നത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം വീണ്ടെടുക്കാൻ ശ്രമിച്ചാൽ ഇരുകൂട്ടരുടെയും ജീവൻ അപകടത്തിൽ ആകുമെന്ന് ഒറ്റപ്പെട്ട വിഭാഗങ്ങളെക്കുറിച്ചുള്ള ഗവേഷകയായ സോഫി ഗ്രിഗ് പറഞ്ഞു.

പുറംലോകവുമായി ബന്ധപ്പെടുമ്പോൾ അവരിലൊരാളായി ഗോത്രവിഭാഗങ്ങൾക്കു തോന്നിയെങ്കിൽ മാത്രമെ ഇടപെടാൻ സാധിക്കുവെന്നാണ് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ അനുപ് കപൂറിന്റെ അഭിപ്രായം. വസ്ത്രം പോലും ധരിക്കാതെ വേണം അവർക്കിടയിലേക്കു ചെല്ലേണ്ടത്. യൂണിഫോമിൽ കാണുന്ന എല്ലാവരെയും കൊല്ലുന്ന രീതിയാണു കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശയക്കുഴപ്പത്തിൽ പൊലീസ്

വിദഗ്ധരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ കാരണം ആശയക്കുഴപ്പത്തിലായിരിക്കുന്നത് പൊലീസാണ്. ജോൺ ചൗവിന്റെ കുടുബത്തിന്റെയും അതേസമയം സെന്റിനലി ഗോത്രക്കാരെയും പരിഗണിച്ചുകൊണ്ടു മാത്രമെ പൊലീസിനു മുൻപോട്ടു പോകാനാകുവെന്ന് ആൻഡമാൻ പൊലീസ് മേധാവി ദീപേന്ദ്ര പതക് പറഞ്ഞു.

മൃതദേഹം വീണ്ടെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. കൂടൂതൽ വിദ്ഗധാഭിപ്രായങ്ങൾ തേടിയശേഷം മാത്രമെ പൊലീസ് തുടർനടപടികൾ സ്വീകരിക്കു. ദ്വീപ് പൊലീസ് നിരീക്ഷണത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.