രാമക്ഷേത്രത്തിന്റെ പേറ്റന്റ് ബിജെപിക്കില്ല; ഉദ്ധവിനെ അഭിനന്ദിച്ച് ഉമാഭാരതി

ന്യൂഡല്‍ഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തെച്ചൊല്ലി ബിജെപിയിലെ ഭിന്നത മറനീക്കുന്നു. രാമക്ഷേത്രത്തിന്റെ പേറ്റന്റ് ബിജെപിക്കില്ലെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി വ്യക്തമാക്കി. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ഉമാ ഭാരതി പറഞ്ഞു.

അയോധ്യ വിഷയം തട്ടിയെടുക്കാന്‍ ശിവസേന ശ്രമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങും കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് സേനയെ പിന്തുണച്ച് ഉമാ ഭാരതി രംഗത്തെത്തിയത്.

രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കണമെന്ന് എസ്പി, ബിഎസ്പി, അകാലിദള്‍ തുടങ്ങി എല്ലാ പാര്‍ട്ടികളോടും ഉമാ ഭാരതി ആവശ്യപ്പെട്ടു. ഭരണപരാജയത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് മോദി സര്‍ക്കാര്‍ പൊതുതിരഞ്ഞെടുപ്പിനു മുമ്പായി രാമക്ഷേത്രവിഷയം ഉയര്‍ത്തുന്നതെന്ന് എസ്പിയും ബിഎസ്പിയും ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം അയോധ്യയില്‍ വന്‍ റാലി സംഘടിപ്പിച്ച ശിവസേനയെ ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ കടുത്ത ഭാഷയിലാണു വിമര്‍ശിച്ചത്. ഉത്തരേന്ത്യക്കാരെ മര്‍ദിക്കുന്നവരും മനുഷ്യത്വമില്ലാത്തവരുമായ ശിവസേനയ്ക്ക് എങ്ങിനെയാണു ശ്രീരാമനെ സേവിക്കാന്‍ കഴിയുന്നതെന്നാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ചോദിച്ചത്. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ സേനയ്ക്കു യാതൊരു പങ്കുമില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

അതേസമയം, രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കില്ലെന്നും ഉടനടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. ഹിന്ദുക്കളുടെ വികാരം വച്ചുകളിക്കരുതെന്നും ക്ഷേത്രനിര്‍മാണത്തിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.